ഐ.പി.എൽ 2026; കോഹ്ലി മുന്നിൽ നയിച്ചു, കിരീടത്തിൽ വീണ്ടും ആർ.സി.ബി മുത്തമിട്ടു

അഹമ്മദാബാദ്: ഐ.പി.എൽ കലാശപ്പോരിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) തുടർച്ചയായ രണ്ടാം സീസണിലും കിരീടമുയർത്തി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ, വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ആർ.സി.ബിക്ക് മിന്നും വിജയം സമ്മാനിച്ചത്. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർ.സി.ബി 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.കോഹ്ലിയെന്ന കരുത്ത് 42 പന്തിൽ പുറത്താകാതെ 75 റൺസെടുത്ത വിരാട് കോഹ്ലിയാണ് കലാശപ്പോരിലെ ആർ.സി.ബിയുടെ വിജയശില്പി. അർഷദ് ഖാൻ എറിഞ്ഞ 18-ാം ഓവറിലെ അവസാന പന്തുകളിൽ സിക്സും ഫോറും പറത്തി കോഹ്ലി വിജയറൺ കുറിച്ചു. 25 പന്തിൽ അർധ സെഞ്ചറി തികച്ച കോഹ്ലി, ഐ.പി.എൽ കരിയറിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയാണ് ഫൈനലിൽ കുറിച്ചത്. വെങ്കിടേഷ് അയ്യർ (32), ടിം ഡേവിഡ് (24) എന്നിവർ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. വെങ്കിടേഷ് അയ്യരും കോലിയും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് പവർപ്ലേയിൽ തന്നെ ആർ.സി.ബിക്ക് മേൽക്കൈ നൽകി.ഗുജറാത്തിന്റെ ബാറ്റിങ് തകർച്ച ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ സാധിച്ചുള്ളൂ. 37 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന വാഷിങ്ടൺ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. പവർപ്ലേയിൽ തന്നെ ഗില്ലിനെയും (10) സായ് സുദർശനെയും (12) നഷ്ടമായത് ടീമിനെ പ്രതിരോധത്തിലാക്കി. നിഷാന്ത് സിന്ധു (20), ജോസ് ബട്‌ലർ (19) എന്നിവർ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ആർ.സി.ബി ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.ബൗളർമാരുടെ ആധിപത്യം ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും ആർസിബി ബൗളർമാർ ഫൈനലിൽ നിർണ്ണായക പങ്കുവഹിച്ചു. റാസിഖ് സലാം മൂന്ന് വിക്കറ്റുകളും, ഭുവനേശ്വർ കുമാർ, ജോഷ് ഹെയ്സൽവുഡ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി ഗുജറാത്തിനെ ചെറിയ സ്കോറിൽ ഒതുക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button