ഒരൊറ്റ മത്സരത്തിൽ രണ്ട് ലോകകപ്പ് റെക്കോർഡുകൾ; ജോർദാനെതിരായ ഫ്രീകിക്കിലൂടെ ചരിത്രം തിരുത്തി മെസ്സി

ഡാളസ്: അർജന്റീന നായകൻ ലയണൽ മെസ്സി ലോക ഫുട്ബോളിൽ തന്റെ ഇതിഹാസ യാത്രയ്ക്ക് വീണ്ടും രണ്ട് ചരിത്രനേട്ടങ്ങൾ കൂടി ചേർത്തു. ജോർദാനെതിരായ ഫിഫ ലോകകപ്പ് മത്സരത്തിന്റെ 80-ാം മിനിറ്റിൽ നേടിയ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ മെസ്സി ഒരൊറ്റ മത്സരത്തിൽ രണ്ട് ലോകകപ്പ് റെക്കോർഡുകളാണ് സ്വന്തമാക്കിയത്. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ബോക്‌സിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. ലോകകപ്പിൽ ബോക്‌സിന് പുറത്തുനിന്ന് മെസ്സിയുടെ ഗോൾ നേട്ടം ആറിലെത്തി. ബ്രസീൽ ഇതിഹാസം റിവെലിനോയുടെ അഞ്ച് ഗോളെന്ന റെക്കോർഡാണ് മെസ്സി മറികടന്നത്. ഇതോടൊപ്പം മറ്റൊരു അപൂർവ നേട്ടവും മെസ്സി സ്വന്തം പേരിൽ കുറിച്ചു. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഇനി അർജന്റീന നായകന്റെ പേരിലാണ്.2022 ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരെയും, ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെയും, സെമിഫൈനലിൽ ക്രൊയേഷ്യക്കെതിരെയും, ഫൈനലിൽ ഫ്രാൻസിനെതിരെ രണ്ട് ഗോളുകളും നേടിയ മെസ്സി, ആ ഗോൾവേട്ട 2026 ലോകകപ്പിലും തുടർന്നു. നിലവിലെ ടൂർണമെന്റിൽ അൾജീരിയക്കെതിരെ ഹാട്രിക്കും, ഓസ്ട്രിയക്കെതിരെ ഇരട്ടഗോളും നേടിയ ശേഷം ജോർദാനെതിരെയും വലകുലുക്കിയതോടെയാണ് തുടർച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമായി ചരിത്രത്തിൽ ഇടം നേടിയത്. നിലവിൽ ആറ് ഗോളുകളുമായി മെസ്സിയാണ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും മുന്നിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button