കോഴിക്കോട് : വയസ് 17, രാത്രി ചായ കുടിക്കാൻ ബൈക്കിൽ 40 കിലോമീറ്റർ അകലേക്ക്; ട്രിപ്പിളടിച്ച് പെൺകുട്ടികളും, മറുപടി കേട്ട് ഞെട്ടി പൊലീസ്

കോഴിക്കോട് ∙ ഹെൽമറ്റു വയ്ക്കാതെ, എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി നഗരമധ്യത്തിലൂടെയും നാട്ടിൻപുറത്തെ വഴികളിലൂടെയും ട്രിപ്പിളടിച്ച്
യാത്ര ചെയ്യുന്ന യുവാക്കളുടെ എണ്ണം കൂടിവരികയാണ്. കോളജിൽ പഠിക്കുന്ന മക്കൾക്ക് ഇരുചക്രവാഹനം വാങ്ങി നൽകുന്ന രക്ഷിതാക്കൾ അവർ
നിയമലംഘനങ്ങൾ നടത്തുന്നത് അറിയുന്നില്ല. കഴിഞ്ഞ ദിവസം ട്രിപ്പിളടിച്ചുപോയ കുറ്റത്തിന് പൊലീസ് പിടികൂടിയ വാഹനത്തിൽ 2 ആൺകുട്ടികളും ഒരു
പെൺകുട്ടിയുമായിരുന്നു. സ്വന്തമായി വാഹനമില്ലാത്ത കുട്ടികൾപോലും ഇത്തരം നിയമലംഘനങ്ങളിൽ ഉൾപ്പെടുകയും വാഹനാപകടങ്ങളിൽ മരിക്കുകയും
ചെയ്യുകയാണ്. എഐ ക്യാമറകളെയോ പൊലീസിന്റെ ക്യാമറകളെയോ വിലവയ്ക്കാതെ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചാണ് റോഡിലൂടെ അഭ്യാസ
പ്രകടനം. വയനാട്
ദേശീയപാതയിൽ കുന്നമംഗലം മുതൽ താമരശ്ശേരി വരെയുള്ള ഭാഗത്ത് യുവാക്കൾക്കോ പ്രായമായവർക്കോ നിയമങ്ങളൊന്നും ബാധകമല്ലെന്ന രീതിയിലാണ്
ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്.
രാത്രി ഒന്നു ചായ കുടിക്കാൻ 40 കിലോമീറ്റർ അകലേക്ക്
കോഴിക്കോട്∙ മെഡിക്കൽ കോളജിനു സമീപം കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ചായക്കടകൾക്കരികെ പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലുണ്ടായത്
നാടകീയ രംഗങ്ങളാണ്. രാത്രി എട്ടരയോടെയാണ് ഇവിടെ പൊലീസ് എത്തിയത്. റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനം കണ്ട് പൊലീസ് കുട്ടികളെ ചോദ്യം
ചെയ്തു. വണ്ടിക്ക് രണ്ടു കണ്ണാടികളുമില്ലായിരുന്നു.
‘കണ്ണാടി എവിടെ?’ എന്ന ചോദ്യത്തിന് ‘പൊട്ടിപ്പോയെ’ന്നായിരുന്നു മറുപടി. ലൈസൻസ് ചോദിച്ചപ്പോൾ ‘എടുത്തിട്ടില്ല, വീട്ടിലാണ്’
എന്നായിരുന്നു മറുപടി. ഇതോടെ പൊലീസ് കുട്ടികളോട് ആധാർ കാണിക്കാൻ ആവശ്യപ്പെട്ടു. ആധാർ എടുത്തു പരിശോധിച്ചപ്പോൾ ഇരുവർക്കും 17
വയസ്സായിരുന്നു പ്രായം. ‘വീടെവിടെയാണെ’ന്നു ചോദിച്ചപ്പോൾ ‘പയ്യോളി’. ലൈസൻസ് എടുക്കാൻപോലും പ്രായമാകാത്ത കുട്ടികൾ ഇരുചക്ര
വാഹനവുമെടുത്ത് 40 കിലോമീറ്ററോളം യാത്ര ചെയ്ത് ഇവിടെയെത്തിയത് എത്രവലിയ നിയമലംഘനമാണെന്ന ഞെട്ടലിലായിരുന്നു പൊലീസ്. രക്ഷിതാക്കളുടെ
നമ്പർ ആവശ്യപ്പെട്ടപ്പോൾ പിതാവ് ഗൾഫിലെന്ന് മറുപടി. പൊലീസ് വീട്ടിലേക്കു വിളിച്ചപ്പോൾ മക്കൾ അകത്തെ മുറിയിൽ ഉറങ്ങുന്നെന്ന് മറുപടി!





