അയോധ്യയില്‍ തൊട്ട് അഖിലേഷ് യാദവ്: വമ്പന്‍ വാഗ്ദാനങ്ങള്‍, യുപി തെരഞ്ഞെടുപ്പില്‍ യോഗിയെ വീഴ്ത്തുമോ?
ലഖ്നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയെ കേന്ദ്രീകരിച്ച് രാഷ്ട്രീയ പോരാട്ടം കടുക്കുന്നു. സമാജ്വാദി പാർട്ടി (എസ്.പി) അധികാരത്തിൽ തിരിച്ചെത്തിയാൽ അയോധ്യയെ ‘സനാതന തീർത്ഥാടനത്തിന്റെ ആഗോള തലസ്ഥാനം’ ആക്കി മാറ്റുമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തു. രാമക്ഷേത്ര ഭരണത്തിൽ സുതാര്യമായ സംവിധാനം ഏർപ്പെടുത്തുമെന്നും അയോധ്യയിലെ ഭക്തജനങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും പ്രാദേശിക സാമ്പത്തിക രംഗത്തെ തകർച്ചയും പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. എക്സിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അഖിലേഷിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ.രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ പൊതുജനവിശ്വാസത്തെ ബാധിച്ചുവെന്നും, പാർട്ടി അധികാരത്തിലെത്തിയാൽ സുതാര്യമായ ഭരണസംവിധാനത്തിലൂടെ ജനവിശ്വാസം വീണ്ടെടുക്കുമെന്നും എസ്.പി അധ്യക്ഷൻ വ്യക്തമാക്കി. അയോധ്യയിലെ ഭൂമി കച്ചവടങ്ങളിലും ‘സർക്കിൾ റേറ്റ്’ തട്ടിപ്പുകളിലും ഉൾപ്പെട്ട ബിജെപി നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ സമഗ്രമായ അന്വേഷണം നടത്തും. അയോധ്യയെ പുറത്തുനിന്നുള്ള കരാറുകാരുടെ പിടിയിൽ നിന്ന് മുക്തമാക്കും. ശ്രീരാമനും നിഷാദരാജനും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഓർമ്മിപ്പിച്ചുകൊണ്ട്, പ്രാദേശിക ബോട്ട് തൊഴിലാളികളെ സഹായിക്കാൻ പരമ്പരാഗത ബോട്ടിംഗ് പ്രോത്സാഹിപ്പിക്കുമെന്നും അഖിലേഷ് വാഗ്ദാനം ചെയ്തു. പിന്നാക്ക, ദലിത്, ന്യൂനപക്ഷ (പിഡിഎ) വിഭാഗങ്ങളെ ഒന്നിച്ചുനിർത്തുന്ന രാഷ്ട്രീയത്തെ അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു. 2017, 2022 നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടികൾക്ക് ശേഷം 2027ൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് സമാജ്വാദി പാർട്ടി അയോധ്യയെ മുൻനിർത്തിയുള്ള ഈ പുതിയ രാഷ്ട്രീയ നീക്കം ആരംഭിച്ചിരിക്കുന്നത്.





