ശ്വാസകോശാർബുദം കൂടുതൽ പുരുഷന്മാരിൽ, സ്ത്രീകളിൽ സ്തനാർബുദം; രോഗികളുടെ എണ്ണം 14 വർഷത്തിൽ മൂന്നിരട്ടി
തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ 13 വർഷത്തിനുള്ളിൽ ചികിത്സക്ക് എത്തിയ പുരുഷൻമാരിൽ കൂടുതലായി കണ്ടെത്തിയത് ശ്വാസകോശ അർബുദം.
20 ശതമാനം പേർക്കാണ് ശ്വാസകോശ അർബുദം കണ്ടെത്തിയത്. സ്ത്രീകളിൽ കൂടുതൽ പേർക്ക് സ്തനാർബുദമാണ്. 30.2 ശതമാനം പേർക്ക് അസുഖം സ്ഥിരീകരിച്ചു.
പുരുഷൻമാരിൽ വായയിലെ അർബുദം ഏഴ് ശതമാനം, ആമാശയം 6.6 ശതമാനം, നാവ് 5.1, എൻ.എച്ച്.എൽ. (നോൺ ഹോഡ്കിൻസ് ലിംഫോമ) 4.9, സ്വനപേടകം 4.5, മലാശയം 4.5, പ്രോസ്റ്റേറ്റ് 4.4, അന്നനാളം 3.8, കരൾ 3.6 എന്നിങ്ങനെയാണ് കൂടുതലായി കണ്ടെത്തിയ അർബുദം.
സ്ത്രീകളിൽ ശർഭാശയഗളത്തിന് അർബുദം 7.6, അണ്ഡാശയം 6.4, വായ 4.9, ഗർഭപാത്രം 4.3, തൈറോയ്ഡ് 4.1, മലാശയം 3.9, എൻ എച്ച് എൽ 3.4, വൻകുടൽ 2.9 എന്നിങ്ങനെയാണ്. മലബാർ കാൻസർ സെന്ററിൽ ആസ്പത്രി അധിഷ്ഠിത അർബുദ രജിസ്ട്രിയുടെ അടിസ്ഥാനത്തിൽ 2010 മുതൽ 2022 വരെ 56,432 രോഗികൾ രജിസ്റ്റർ ചെയ്തു.
ചികിത്സക്ക് എത്തിയവരിൽ 53 ശതമാനം പുരുഷൻമാരും 47 ശതമാനം സ്ത്രീകളുമാണ്. 2010-ൽ രജിസ്റ്റർ ചെയ്ത അർബുദ രോഗികളുടെ എണ്ണം 2254-ൽ നിന്ന് 2022 ആകുമ്പോഴേക്കും 6073 ആയി.
രോഗികളുടെ രജിസ്‌ട്രേഷനിൽ ഗണ്യമായ വർധന ഉണ്ടായി. 2014-ൽ കണ്ണൂർ, കാസർകോട് ജില്ലകളെ അടിസ്ഥാനമാക്കി മലബാർ കാൻസർ സെന്റർ ജനസംഖ്യ അധിഷ്ഠിത അർബുദ രജിസ്ട്രി തുടങ്ങി. അർബുദ രോഗികൾ ചികിത്സ തേടുന്ന ആസ്പത്രികളിൽ നിന്നും ലബോറട്ടറികളിൽ നിന്നും ഉൾപ്പെടെ വിവരം ശേഖരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
ഇതുപ്രകാരം കണ്ണൂർ ജില്ലയിൽ 2016-ൽ 4728 പുതിയ രോഗികളെ കണ്ടെത്തി. 2017-ൽ 4466, 2018-ൽ 5349 എന്നിങ്ങനെയാണ് കണക്ക്. കാസർകോട് ജില്ലയിൽ 2016-ൽ 1535 പുതിയ രോഗികളുണ്ട്. 2017-ൽ 1791 പുതിയ രോഗികളും 2018-ൽ 2122 പുതിയ രോഗികളുമുണ്ട്.