CrimeKerala

വിജിൽ കൊലപാതകക്കേസിൽ വൻ വഴിത്തിരിവ്; മൃതദേഹാവശിഷ്ടം കണ്ടെത്തി

കോഴിക്കോട്: വെസ്റ്റ് ഹിൽ സ്വദേശി വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. അഞ്ചാം ദിവസം നടത്തിയ തെരച്ചിലിലാണ് സരോവരം പാർക്കിന് സമീപം അസ്ഥി കണ്ടെത്തിയത്.മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കണ്ടെത്തി. കേസിൽ അറസ്റ്റിലായ വിജിലിന്റെ സുഹൃത്തുക്കളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.വിജിലിന്റെ മൃതദേഹം കുഴിച്ചുമൂടിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരോവരത്തിനു സമീപത്തെ ചതുപ്പ് നിലത്തിൽ തിരച്ചിൽ ആരംഭിച്ചത്.തിരച്ചിലിനായി മണ്ണുമാന്തി യന്ത്രവും കൊച്ചിയിൽ നിന്ന് കഡാവർ നായകളെയും സ്ഥലത്ത് എത്തിച്ചിരുന്നു.മരിച്ച വിജിലിന്റെ സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരാണ് എലത്തൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതി പ്രതിയായ രഞ്ജിത്തിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. 2019 മാർച്ചിൽ ആണ് വിജിലിനെ കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ഏറെ നടന്നെങ്കിലും തുമ്പുണ്ടായില്ല.പഴയ മിസ്സിംഗ് കേസുകൾ വീണ്ടും പരിശോധിക്കാനുള്ള നിർദേശത്തെത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിജിൽ തിരോധാന കേസിന്റെ ചുരുളഴിച്ചത്. കാണാതായ വിജിലും മൂന്നു സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറുണ്ടെന്ന വിവരം പൊലീസിന് കിട്ടി. പിന്നാലെ ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ സംബന്ധിച്ച ശാസ്ത്രീയ പരിശോധന കൂടിയായതോടെ അന്വേഷണം വഴിത്തിരിവായി. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ സംഭവിച്ചത് വിശദീകരിക്കുകയായിരുന്നു.കേസിൽ പിടിയിലായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ,വേങ്ങേരി സ്വദേശി ദീപേഷ് എന്നിവർ വിജിലിനൊപ്പം കാണാതായ ദിവസമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലഹരി മരുന്ന് ഉപയോഗിക്കാനായി സരോവരം ഭാഗത്ത് ഇവർ ഒത്തു ചേർന്നെന്നും അമിത അളവിൽ ലഹരി മരുന്ന് അകത്തു ചെന്നതോടെ വിജിൽ ബോധരഹിതനാകുകയും ചെയ്തു. പിന്നാലെ വിജിൽ മരിച്ചെന്നാണ് നിഖിൽ മൊഴി നൽകിയത്. ഭയന്നു പോയതോടെ മൃതദേഹം ആരും കാണാതെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയ ശേഷം ഇവർ രക്ഷപ്പെടുകയായിരുന്നെന്നുമാണ് പ്രതികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button