വടക്കൻ ഇസ്രായേലിൽ മുസ്ലിം പള്ളിക്ക് തീയിട്ടു; നെതന്യാഹുവിന്റെ വിദ്വേഷ പ്രചാരണമാണ് കാരണമെന്ന് പ്രതിപക്ഷ നേതാക്കൾ
തെൽ അവീവ്: വടക്കൻ ഇസ്രായേലിലെ അൽ-ദാഹി ഗ്രാമത്തിൽ പള്ളിക്ക് തീയിട്ടു. ഫലസ്തീൻ വംശജരായ ഇസ്രായേൽ പൗരന്മാർ താമസിക്കുന്ന അഫുല നഗരത്തിന് സമീപമുള്ള ഗ്രാമത്തിലാണ് വ്യാഴാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഇസ്രായേൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാവൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ ക്യാമ്പും നടത്തുന്ന വിദ്വേഷ പ്രചാരണമാണ് ആക്രമണത്തിന് പിന്നിലെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ ആരോപിച്ചു. ബുധനാഴ്ച രാത്രി ഫലസ്തീൻ വംശജർ താമസിക്കുന്ന കഫർ ഖാസിം നഗരത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പള്ളിക്ക് തീയിട്ടത്. കഫർ ഖാസിം സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു.ആക്രമണം ഇങ്ങനെവ്യാഴാഴ്ച സുബഹി നമസ്കാരത്തിനായി എത്തിയപ്പോഴാണ് പള്ളിയിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ടതെന്ന് ഇമാം ഖാലിദ് അൽ-സൗബി പറഞ്ഞു. രണ്ട് നിലകളുള്ള പള്ളിയുടെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ മലമുകളിലെ കാട്ടിൽ നിന്നെത്തിയ മുഖംമൂടി ധരിച്ച മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് ഇമാം വ്യക്തമാക്കി. പള്ളിയുടെ ഒന്നാം നിലയിലേക്ക് കടക്കാൻ ഇവർ ശ്രമിച്ചെങ്കിലും ഇരുമ്പ് ഗേറ്റ് ഉള്ളതിനാൽ സാധിച്ചില്ല. തുടർന്ന് താഴത്തെ നിലയിലെത്തി ജനൽ ചില്ല് തകർത്ത ശേഷം പെട്രോൾ ബോംബ് ഉള്ളിലേക്ക് എറിഞ്ഞ് തീയിടുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പള്ളിയുടെ താഴത്തെ നിലയിലെ ഒരു മുറിക്ക് തീയിട്ടതായും സമീപത്തെ തെരുവിൽ ചുവരെഴുത്തുകൾ നടത്തിയതായും സംശയിക്കുന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. മതചിഹ്നങ്ങളെ അപമാനിക്കാനുള്ള ഏതൊരു ശ്രമത്തെയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങളുടെ ചുവരുകളിൽ ‘പ്രതികാരം’ എന്ന് എഴുതിവെച്ചതിന്റെ ചിത്രങ്ങൾ എഎഫ്പി വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. നെതന്യാഹുവിനെതിരെ രൂക്ഷവിമർശനംപള്ളിക്ക് തീയിട്ടത് ക്രൂരമായ വിദ്വേഷ കുറ്റകൃത്യമാണെന്ന് നെതന്യാഹു വിരുദ്ധ ചേരിയിലെ പ്രമുഖ നേതാവ് യായ്ർ ലാപിഡ് പറഞ്ഞു. “ഇത് ജൂതമതപരമോ ഇസ്രായേലിന് ചേർന്നതോ അല്ല. അറബ് ഇസ്രായേലികൾക്കെതിരായ വ്യാപകമായ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം” – നെതന്യാഹുവിന്റെ വലതുപക്ഷ ചേരിയെ ലക്ഷ്യമിട്ട് ലാപിഡ് എക്സിൽ കുറിച്ചു. സംഭവം ‘ജൂത ഭീകരത’യാണെന്ന് ഇടത് പാർട്ടിയായ ഡെമോക്രാറ്റ്സ് തലവൻ യായ്ർ ഗോലാൻ വിശേഷിപ്പിച്ചു. നെതന്യാഹുവും സർക്കാരും ഇസ്രായേലിലെ അറബ് പൗരന്മാർക്കെതിരെ നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെ അനന്തരഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബ് ഭൂരിപക്ഷ പാർട്ടിയായ ജോയിന്റ് ലിസ്റ്റ് തലവൻ യൂസഫ് ജബരീൻ വ്യാഴാഴ്ച അൽ-ദാഹി ഗ്രാമം സന്ദർശിച്ചു. തങ്ങളുടെ ജനതയ്ക്ക് നേരെയുള്ള ആക്രമണങ്ങളിലൂടെ അപകടകരമായ വിദ്വേഷ പ്രചാരണങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിനും മന്ത്രിസഭയ്ക്കും ഒപ്പമുള്ള തീവ്രവാദികൾക്കുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇസ്രായേൽ പാർലമെന്റ് അംഗവും റആം പാർട്ടി ചെയർമാനുമായ മൻസൂർ അബ്ബാസും കടുത്ത വിമർശനവുമായി രംഗത്തെത്തി. “ഇതൊരു വിദ്വേഷ കുറ്റകൃത്യവും ഭീകരപ്രവർത്തനവും വിശുദ്ധ സ്ഥലത്തെ അവഹേളിക്കലുമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് അറബ് പൗരന്മാർക്കെതിരെ തീവ്ര വലതുപക്ഷം നടത്തുന്ന പ്രചാരണത്തിന്റെ നേരിട്ടുള്ള ഫലമാണ്. വിദ്വേഷ പ്രചാരണം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നെതന്യാഹുവിനോട് ഞാൻ ആവശ്യപ്പെടുന്നു. അക്രമത്തിന് നിയമസാധുത നൽകുന്നത് മനുഷ്യജീവന് ഭീഷണിയാണ്” – മൻസൂർ അബ്ബാസ് പറഞ്ഞു.ഹമാസിന്റെ പ്രതികരണം’കുടിയേറ്റ സംഘങ്ങളാണ്’ ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച ഹമാസ് സംഭവത്തെ ശക്തമായി അപലപിച്ചു. വലതുപക്ഷ അധിനിവേശ സർക്കാരിന്റെ സംരക്ഷണത്തിൽ തീവ്ര കുടിയേറ്റ മിലിഷ്യകൾ നടത്തുന്ന ആസൂത്രിത ഭീകരതയുടെ വ്യാപ്തിയാണ് ഈ ആക്രമണം വ്യക്തമാക്കുന്നതെന്ന് മുതിർന്ന ഹമാസ് നേതാവ് അബ്ദുൾ റഹ്മാൻ ഷാദിദ് പറഞ്ഞു. ആക്രമികൾ പള്ളിക്ക് തീയിടുകയും ചുവരുകളിൽ വംശീയ മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തതായും, കൊലപാതകങ്ങളിലൂടെയും തീവെപ്പിലൂടെയും ഭീഷണിപ്പെടുത്തലിലൂടെയും തങ്ങളുടെ ജനങ്ങളെ കുടിയൊഴിപ്പിക്കാനാണ് ഇത്തരം ആക്രമണങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ബുധനാഴ്ച രാത്രി കഫർ ഖാസിമിൽ കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ സംശയിക്കുന്നയാളെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഒരു ഇസ്രായേലി കുടിയേറ്റക്കാരനാണെന്ന് ഫലസ്തീൻ പൗരാവകാശ സംഘടന ആരോപിച്ചു. ഈ സംഭവത്തിലും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.





