ഈഫൽ ടവറിനെക്കാൾ ഉയരം; വിസ്മയമായി മാറിയ ആ ഇന്ത്യൻ റെയിൽവെ പാലം ഏതാണെന്നറിയാമോ?
ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും വലിയ റെയിൽവെ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യയിലേത്. ജമ്മു കശ്മീരിലെ പർവതപ്രദേശങ്ങൾ മുതൽ വടക്കുകിഴക്കൻ മേഖലയിലെ വിദൂര പ്രദേശങ്ങൾ വരെ ഇന്ത്യൻ റെയിൽവെ വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ പാലമായ ജമ്മു കശ്മീരിലെ ചെനാബ് റെയിൽ പാലം ഇന്ത്യൻ റെയിൽവെ ലോകത്തിന് സമ്മാനിച്ച അത്ഭുതമാണ്.ഉധംപുർ-ശ്രീനഗർ-ബാരാമുള്ള താഴ്വരകളെ ബന്ധിപ്പിച്ചുകൊണ്ട് 1.10 കിലോമീറ്റർ ദൈർഘ്യത്തിലാണ് ചെനാബ് നദിക്ക് മുകളിലൂടെ ഇന്ത്യൻ റെയിൽവേ പാലം നിർമിച്ചിരിക്കുന്നത്. ഒരു തൂണിൽ 96 കേബിളുകളിൽ ഘടിപ്പിച്ചിരിക്കുന്ന പാലം കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ അഭിമാന പദ്ധതിയാണ്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ (1,178 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം ഐഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിലാണ്. നദിയ്ക്ക് കുറുകെ പാലത്തെ ഉറപ്പിച്ചു നിർത്തുന്ന നടുവിലെ പ്രധാന ആര്‍ച്ച് 467 മീറ്ററാണ്. പ്രധാന ഉരുക്ക് കമാനത്തിന് ഏകദേശം 10,619 മെട്രിക് ടൺ ഭാരം വരും.പാലത്തിന്റെ നിര്‍മാണത്തിന് ഏകദേശം 28,660 മെട്രിക് ടൺ ഉരുക്ക് ഉപയോഗിച്ചിട്ടുണ്ട്. 110 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാവുന്ന പാലത്തിന് 120 വർഷത്തെ ആയുസാണ് കണക്കാക്കിയിട്ടുള്ളത് . 2004 ആഗസ്റ്റിൽ ആരംഭിച്ച് ഏകദേശം 21 വര്‍ഷമെടുത്ത് 400ലധികം ജീവനക്കാരുടെ കഠിനപ്രയത്നം കൊണ്ടാണ് പാലം യാഥാര്‍ഥ്യമാക്കിയത്. കനത്ത പാരിസ്ഥിതികാഘാതങ്ങളെ ചെറുക്കുവാന്‍ ശേഷിയുള്ള ചെനാബ് റെയില്‍വേ പാലം ഒരു എഞ്ചിനിയറിങ് അത്ഭുതമെന്നാണ് റെയില്‍വെ വിശേഷിപ്പിക്കുന്നത്. മണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെപ്പോലും ചെറുത്തുനില്ക്കാന് ഈ പാലത്തിന് സാധിക്കും. 272 കിലോമീറ്റർ ദൈർഘ്യമുള്ള ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമാണിത്. 2025 ജൂൺ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലം ഉദ്ഘാടനം ചെയ്തത്.വന്ദേ ഭാരത് ട്രെയിൻ ചെനാബ് പാലം മുറിച്ചുകടക്കുന്നതിന്റെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ചെനാബ് പാലത്തിന്റെ ചിത്രങ്ങൾ.





