ആര് ചത്താലുംമുണ്ടയിൽ കോരന്റെമകൻ കുലുങ്ങില്ല

!
ആപത്തുകൾ എപ്പോഴും സംഭവിക്കാം. ദരിദ്രനോ ധനികനോ അതിന് ഇരയാകാം. ആളപായവും സംഭവിക്കാം. പലപ്പോഴും ആ നഷ്ടം നികത്താനാകാത്തതുമാകാം. പക്ഷെ സമൂഹത്തിൽ ഇത്തരം സന്ദർഭങ്ങളിൽ സുമനസുകൾ മുന്നോട്ട് വന്ന് ആപത്തിന്റെ ആഘാതം അതിന് ഇരയായ കുടുംബത്തിന് എത്രത്തോളം ലഘൂകരിക്കാൻ കഴിയുമോ അത് നിർവഹിക്കുക എന്നതാണ് മനുഷ്യത്വം. അതിലൊന്നും ജാതിയോ മതമോ ഒന്നും നോക്കാറില്ല.
ഇന്നലെ കോട്ടയത്ത് ആശുപത്രികെട്ടിടം തലയ്ക്ക് മുകളിൽ തകർന്നു വീണപ്പോൾ രക്ഷാ പ്രവർത്തനത്തിൽ യുദ്ധഭൂമിയിലെന്നപ്പോലെ ഓടി എത്തിയവർ അഭിനന്ദനം അർഹിക്കുന്നു. പ്രത്യേകിച്ചും സ്ഥലത്തുണ്ടായിരുന്ന ചാണ്ടി ഉമ്മൻ എം എൽ എ യുടെ പങ്ക് എത്ര പ്രശംസിച്ചാലും മതിയാകില്ല. എന്നാൽ മലയാളമനോരമ ചാണ്ടി ഉമ്മന്റെ സാന്നിധ്യത്തിന്റെ ലാഞ്ചന പോലും ഒരു ചിത്രത്തിലും (തിരുവനന്തപുരം എഡിഷൻ)വരാതിരിക്കാൻ കാട്ടിയ ജാഗ്രത ശ്രദ്ധേയമാണ്.മനോരമയ്ക്ക് പുതിയ പാർട്ട്ണർ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവരം പൊട്ടന്മാരായ കോൺഗ്രസുകാർ അറിഞ്ഞിട്ടേയില്ല.
കോട്ടയം ദുരന്തത്തിലൂടെ ഓട്ടപദക്ഷിണം നടത്തിയാൽ മരിച്ച തലയോലപറമ്പ്കാരി ഡി ബിന്ദു എന്ന വീട്ടമ്മ സർക്കാറിനെ സംബന്ധിച്ചിടത്തോളം ഇത്രയേ അർഹിക്കുന്നുള്ളൂ എന്ന് വ്യക്തം.
മാളത്തിൽ നിന്ന് ഇറങ്ങി വന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പിണിയാളുകളും നടത്തിയ പ്രതികരണങ്ങളും കാപ്സൂളുകളും കണ്ടാൽ ഇവിടെ ജനാധിപത്യ ഭരണമാണോ നടക്കുന്നതെന്ന് അൽഭു തപ്പെടും? എന്തുപറ്റി കേരളത്തിന്?ഏത് ഭരണം വന്നാലും ഇനി കേരളത്തിന്റെ അവസ്ഥ ഇതായിരിക്കുമോ? രണ്ടുദിവസത്തേക്ക് മന്ത്രി രാജിവെയ്ക്കണം എന്ന മുദ്രാവാക്യം ഉയർത്തിക്കഴിഞ്ഞാൽ പ്രതിപക്ഷത്തിന്റെ റോൾ കഴിഞ്ഞല്ലോ? അടിമുടി ഭയപ്പെടുത്തുന്ന കെടുകാര്യസ്ഥത അതല്ലേ ഇവിടെ കണ്ടത്?
ഈ മന്ത്രിമാർ നാട്ടിൽ എന്താണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയാമോ?അവരുടെ കൃത്യനിർവഹണത്തിൽ എന്താണ് സംഭവിക്കുന്നതെന്ന്? ഒരു കുടുംബത്തിന്റെ അത്താണിയെ നിസങ്കോചം കൊന്നു എന്ന് മാത്രമല്ല അതിന് നീതി ലഭിക്കുന്ന രണ്ട് വാക്കെങ്കിലും മൊഴിയാൻ മുഖ്യമന്ത്രിയുടെ വായിൽ നാവില്ലായിരുന്നോ?എന്തൊരു മനുഷ്യൻ?
യാഥാർഥത്തത്തിൽ മുഖ്യമന്ത്രി തന്നെയാണ് ഈ വകുപ്പ് ഭരിക്കുന്നത്. മേമ്പൊടിക്ക് ഇങ്ങിനെ ഒരു മന്ത്രി ഉണ്ടെന്ന് മാത്രം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ സജീവൻ മുമ്പ് തലശേരിയിൽ പാർട്ടി ഏരിയാ സെക്രട്ടറി ആയിരുന്നു. പിണറായിസം വളർന്നു പന്തലിച്ചപ്പോൾ രജേന്ദ്രന് പകരമായി എ കെ ജി സെൻററിൽ എത്തി അതിന്റെ അധിപനായി. പിണറായി പാർട്ടി പിടിച്ചെടുത്തത്തിന്റെ പ്രധാന ഗോൾ പോസ്റ്റ് ആയിരുന്നു ഇത്. മുഖ്യമന്ത്രിയായപ്പോൾ സജീവന് പത്രാസ് ഉള്ള പോസ്റ്റ് കൊടുക്കാനായി മന്ത്രി വീണ ജോർജിന്റെ തലപ്പത്ത് വെച്ചു. അവിടത്തെ ആഭ്യന്തര പോരിനെ കുറിച്ചു ഞാനൊന്നും ഇവിടെ എഴുതുന്നില്ല.
ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്ന വകുപ്പാണിത്. ഒരു കാരണവശാലും മന്ത്രിക്ക് സ്വൈര്യമായി ഭരിക്കാൻ വിടരുതെന്ന് ശപഥം ചെയ്തിരിക്കുന്ന വെള്ളാനക്കൂട്ടമുണ്ട്. മന്ത്രിയുടെ അപ്രമാദിത്വ ഭാവം കൂടി ആയപ്പോൾ ഭരണം പടുകുഴിയിലായി.
യഥാർഥത്തിൽ ഇതിന് ഒരു മറുവശം കൂടിഉണ്ട്. ആയൂർവേദ വിഭാഗത്തിന്റ്റെ പരിച്ഛേദം എടുത്താൽ സേവനത്തിന്റെയും പരിചരണത്തിന്റെയും ചികിൽസയുടെയും കാര്യത്തിൽ ഏത് ഒന്നാംകിട ആശുപത്രിയെയും വെല്ലുന്നതാണ് ഇവിടം. ഇത്രയേറെ സേവനനിരതരായ കർത്തവ്യ ബോധമുള്ളവരെ അധികം കാണാനാകില്ല. ആരുടെയും ശുപാർശ കൂടാതെ ഏറ്റവും മികച്ച ചികിൽസ ഉറപ്പ് നല്കുന്നത് ചെറിയാകാര്യമില്ല. രോഗികൾക്ക് കൃത്യസമയം ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും മികച്ചതാണ്. അവിടേയും അഴിമതിയു ടെ ലാഞ്ചനപോലുമില്ല.
ഇത്ര വിശദമായി ഒരു പോസ്റ്റ് ഇടാൻ ഇടയായത് തിരുവനന്തപുരത്ത് എനിക്കും ഭാര്യക്കും ഈ ആശുപത്രിയിൽ രണ്ട് മാസത്തിലേറെ ലഭിച്ച സേവനത്തോട് കൃതഘ്നത കാണിക്കുന്നത് പാപമായിരിക്കും എന്നത് കൊണ്ടാണ്. ആശുപത്രിയിൽ പ്രവേശിച്ച ദിവസം മുതൽ ഡിസ്ചാർജ് ചെയ്ത ദിവസം വരേ ഒരു ശുപാർശക്കും മൂതിർന്നിട്ടുമില്ല. എത്ര അച്ചടക്കമുള്ള ആതുരാലയം. കോഴിക്കോടും ഇതേ മികവ് ഉണ്ടെന്നാണ് അവിടെ ചികിൽസയ്ക്ക് എത്തിയവർ പറഞ്ഞത്.
എന്നെ കാണാൻ വരുന്നവരോട് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് ഇതുപോലെയുള്ള ആതുരാലയങ്ങളിലെ ചികിൽസയെയും കൂടുംബശ്രീ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്ന ഭക്ഷണത്തിന്റെ മിതവിലയെയും ഗുണനിലവാരത്തെയും കുറിച്ചു ജനങ്ങളോട് സംസാരിച്ചാൽ പതിവ് രാഷ്ട്രീയ മ്ളേച്ഛതയേക്കാൾ ജനപ്രിയത നേടുമെന്ന്.
പക്ഷെ സഖാക്കൾ’ വെട്ടിയ കഴുത്ത് സീറ്റിനടിയിലും ചൂഴ്ന്നു എടുത്ത കണ്ണ് സീറ്റിലും വെച്ചല്ലേ രാവിലെ നായാട്ടിന് ഇറങ്ങുന്നത്. ഇനി അധികം നാൾ തുടരില്ല. അതാണ് കോട്ടയം നല്കുന്ന സന്ദേശം.
