പ്രിയദർശിനി; സൗജന്യയാത്ര നൽകിയിട്ടും കലക്ഷനിൽ വൻ വർധന

പത്തനാപുരം: പ്രിയദർശിനി സൗജന്യ യാത്രയ്ക്കിടയിലും കണക്ക് കൂട്ടലുകൾ തെറ്റിച്ച് കെ.എസ്.ആർ.ടി.സി കലക്ഷനിൽ വൻ വർധന. സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയ ആദ്യ ദിവസമായ തിങ്കളാഴ്ച പത്തനാപുരം ഡിപ്പോയിൽ 12,37,726 രൂപ കലക്ഷൻ നേടാനായി. സാധാരണ തിങ്കളാഴ്ച ദിവസങ്ങളിലേതിനേക്കാൾ വർധനയാണ് ഇക്കുറി. ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്യുന്ന 51 ഓർഡിനറി ബസുകളിൽനിന്ന് 6,04,557 രൂപ കലക്ഷൻ ഇനത്തിൽ നേടി. 33,621 പേർ ഓർഡിനറി ബസിൽ യാത്ര ചെയ്തപ്പോൾ, പ്രിയദർശിനി ഫ്രീ ടിക്കറ്റ് (പി.എഫ്.ടി ) ഉപയോഗപ്പെടുത്തിയത് 15,989 സ്ത്രീകളാണ്. ഇതിൽ സ്ത്രീ യാത്രക്കാർക്കായി സൗജന്യ ഇനത്തിൽ ടിക്കറ്റ് നൽകിയതിന്റെ മൂല്യം (ആക്ച്വൽ ഫെയർ ) 2,70,699 രൂപ വരും. സീറോ ടിക്കറ്റ് ആണ് യാത്രക്കാർക്ക് നൽകുന്നതെങ്കിലും, ഓരോ യാത്രക്കാരും സഞ്ചരിക്കുന്ന ദൂരം അനുസരിച്ചുള്ള യാത്രക്കൂലി ടിക്കറ്റ് മെഷീനിൽ രേഖപ്പെടുത്തും. സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിലൂടെ കലക്ഷനിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്ന് ആശങ്കയുണ്ടായിരുന്ന ഡിപ്പോകളിൽ ഒന്നായിരുന്നു പത്തനാപുരം. എന്നാൽ, സൗജന്യയാത്ര ഏർപ്പെടുത്തിയിട്ടും കലക്ഷനിൽ കുറവുണ്ടായില്ല. സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതോടെ പുരുഷന്മാർ ഉൾപ്പെടെയുള്ളവർ കുടുംബസമേതം, യാത്രക്കായി കെ.എസ്.ആർ.ടി.സിയെ തെരഞ്ഞെടുക്കുന്നതാണ് ഇന്നും കണ്ടത്. വരും ദിവസങ്ങളിൽ കൂടുതൽപേർ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചാൽ നഷ്ടത്തിലാകാതെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button