വീട്ടിൽ പോയി ചോദിക്ക്’ എന്ന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; പിണറായി വിജയനെതിരെ ഡിവൈഎഫ്ഐ

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് പിണറായി വിജയന്റെ ശൈലിക്കെതിരെ പ്രതിനിധികൾ ആഞ്ഞടിച്ചത്. അദ്ദേഹത്തിന്റെ വിവാദ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായെന്ന് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പരാമർശം ഒട്ടും ശരിയായ ശൈലിയല്ലെന്നും ഇത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും തിരുവല്ലയിൽ നിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു വിമർശനം. പിണറായിയെ വിമർശിച്ചതിന്റെ പേരിൽ ഇനി ഡിവൈഎഫ്ഐയിൽ നിന്ന് തന്നോട് ‘കടക്ക് പുറത്ത്’ എന്ന് പറയരുതെന്നും പ്രതിനിധി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടിക്കുള്ളിലും പോഷക സംഘടനകളിലും നേതൃത്വത്തിനെതിരെ ഉയരുന്ന അതൃപ്തിയുടെ പ്രതിഫലനം കൂടിയാണ് ഈ വിമർശനങ്ങൾ.തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കളായ എം.എ ബേബിയും മുൻ മന്ത്രി പി. രാജീവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മലപ്പുറത്ത് നടന്ന ‘ഇഎംഎസിന്റെ ലോകം’ സെമിനാറിൽ വെച്ചായിരുന്നു ഇരുവരുടെയും ആത്മവിമർശനം. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന തരത്തിലുള്ള അമിത ആത്മവിശ്വാസം ശരിയായില്ലെന്നും ഇത് ജനങ്ങൾക്കിടയിൽ തെറ്റായ ബോധം സൃഷ്ടിച്ചുവെന്നും പി. രാജീവ് പറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്നും, ശബരിമല സ്വർണക്കൊള്ളയിൽ കർശന നടപടി എടുക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബന്ധുവായ ഒരാളെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ ആക്രമിക്കാൻ എതിരാളികൾക്ക് അവസരം നൽകുമെങ്കിൽ അത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം.വി ഗോവിന്ദനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് എം.എ ബേബി വ്യക്തമാക്കി. നേതാക്കൾ സംസാരിക്കുമ്പോൾ കേൾക്കുന്നവർക്ക് താങ്ങാവുന്നത്ര മാത്രമേ സംസാരിക്കാവൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ, ഇടതുപക്ഷ പ്രവർത്തകരിലേക്ക് പോലുമറിയാതെ വലതുപക്ഷ സ്വാധീനം നുഴഞ്ഞുകയറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും, ആർഎസ്എസ് വിവിധ സംഘടനകളിലൂടെ നടത്തുന്ന നുഴഞ്ഞുകയറ്റങ്ങളെ ഗൗരവമായി കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button