ആർ ജി വൺ വനിതാ ടി20 ടൂർണമെന്റ്; ബറോഡയെ തകർത്ത് കേരളത്തിന് കിരീടം
വഡോദര: ആർ ജി വൺ വനിതാ ട്വന്റി20 ടൂർണമെന്റിൽ കേരളത്തിന് കിരീടം. ഫൈനലിൽ ബറോഡയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്മാരായത്.

ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 14.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ബറോഡയ്ക്കായി മെസ്വി പൊകാർ 28 റൺസും അമൃത ജോസഫ് 22 റൺസും നേടി. കേരളത്തിനായി സജന സജീവനും നജ്‌ല സി.എം.സിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെ മികച്ച തുടക്കം നൽകി. വെറും 18 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 38 റൺസാണ് കിരൺ നേടിയത്. ക്യാപ്റ്റൻ ആശ ശോഭന 21 റൺസ് നേടി. സജന സജീവൻ 14 റൺസും ദിവ്യ ഗണേഷ് 10 റൺസും നേടി പുറത്താകാതെ നിന്നു. 31 പന്തുകൾ ബാക്കി നിൽക്കെയാണ് കേരളം വിജയം സ്വന്തമാക്കിയത്.




