
ബംഗളൂരു: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ.എസ്.എസിനെ നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ്, ഐ.ടി, ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഭരണഘടനയിൽനിന്ന് ‘മതേതര’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട മുതിർന്ന ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഖാർഗെ ഈ പരാമർശം നടത്തിയത്. ‘‘മിസ്റ്റർ ഹൊസബാലെ ഏത് ചിന്താധാരയെയാണ് പ്രതിനിധാനം ചെയ്യുന്നത്? അദ്ദേഹം ആർ.എസ്.എസ് പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത് – മതേതരത്വം, സമത്വം, സോഷ്യലിസം എന്നിവയോട് എപ്പോഴും വിമുഖത കാണിച്ച ഒരു സംഘടന’’ -ഖാർഗെ പറഞ്ഞു. തുടക്കം മുതൽതന്നെ ആർ.എസ്.എസിന് ഭരണഘടനയോടും സമത്വത്തോടും സാമ്പത്തിക സമത്വത്തോടും അലർജിയുണ്ടായിരുന്നു. ഇത് പുതിയ കാര്യമല്ല – അവർ ഇപ്പോൾ അവരുടെ ദീർഘകാല പ്രത്യയശാസ്ത്രം ആവർത്തിക്കുകയാണ്.ഞങ്ങൾ ആദ്യമേ ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തെ എതിർത്തിരുന്നു, ഇപ്പോഴും അങ്ങനെത്തന്നെ തുടരുന്നു. മുമ്പ് രണ്ടുതവണ ഞങ്ങൾ ആർ.എസ്.എസിനെ നിരോധിച്ചിട്ടുണ്ട്. പിന്നീട്, അവർ വന്ന് നിരോധനം പിൻവലിക്കാൻ അപേക്ഷിച്ചു. ആ നിരോധനം പിൻവലിക്കുന്നത് ഒരു തെറ്റായിരുന്നു. കേന്ദ്രത്തിൽ ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ, ആർ.എസ്.എസിനെ വീണ്ടും നിരോധിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ പരിഗണിക്കും. ‘മതേതര’ എന്ന വാക്കിൽ എന്താണ് തെറ്റ്? ‘സോഷ്യലിസം’ എന്നതിൽ എന്താണ് തെറ്റ്? അവർക്ക് ഈ വാക്കുകളോട് അലർജി എന്തിനാണ്? അവരുടെ പ്രത്യയശാസ്ത്രം ഒരു മതത്തെയും ഒരു വിഭാഗം ആളുകളെയും മാത്രമേ പിന്തുണക്കുന്നുള്ളൂ. പക്ഷേ, ഞങ്ങൾ ഭരണഘടന ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ജനങ്ങളുടെ അഭിലാഷങ്ങൾക്കനുസരിച്ച് കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന് അംബേദ്കർ പറഞ്ഞത് ആർ.എസ്.എസ് വായിക്കട്ടെ. അവർ ആർട്ടിക്ൾ 370 റദ്ദാക്കി – അത് യഥാർഥ ഭരണഘടനയുടെ ഭാഗമായിരുന്നോ? ഇല്ല. അതിനായി അവർ ഒരു ഭേദഗതി കൊണ്ടുവന്നു. ആർട്ടിക്ൾ 371 (ജെ) ഉണ്ടായിരുന്നില്ല – അത് ഒരു ഭേദഗതിയിലൂടെയാണ് കൊണ്ടുവന്നത്. ആർ.എസ്.എസ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ല. ഇപ്പോൾ അവർ സ്വന്തം ചരിത്ര പതിപ്പ് കെട്ടിച്ചമക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് അവർ വാട്സ്ആപ്പിലും ഫേസ്ബുക്കിലും എല്ലാത്തരം തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ആർ.എസ്.എസ് എപ്പോഴും അദ്ദേഹത്തെ എതിർത്തിട്ടുണ്ട്. ഞാൻ ഈ വിഷയം സഭയിൽ ഉന്നയിക്കുകയും ബി.ജെ.പിക്ക് രേഖകൾ സമർപ്പിക്കുകയും ചെയ്തു. എന്നിട്ടും അവർ രാജിവെച്ചില്ല. പകരം, അവർ തെരുവുനായ്ക്കളെപ്പോലെ കുരക്കുകയും യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആദ്യം അവർ സ്വയം വിദ്യാഭ്യാസം നേടട്ടെ എന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
