Spot lightWorld

ഞെട്ടി ലോകം! ചൊവ്വ സള്‍ഫര്‍ കല്ലുകളുടെ പറുദീസ; 360 ഡിഗ്രി ദൃശ്യങ്ങളുമായി ക്യൂരിയോസിറ്റി റോവര്‍

കാലിഫോര്‍ണിയ: ശാസ്ത്രലോകം ഭാവി മനുഷ്യ കോളനിയായി കണക്കാക്കുന്ന ചൊവ്വയില്‍ മഞ്ഞ ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫര്‍ നാസയുടെ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ 2024 മെയ് 30ന് കണ്ടെത്തിയിരുന്നു. പൊട്ടിച്ചിതറിയ ഘടനയിലുള്ള പാറക്കഷണങ്ങളായി മഞ്ഞ നിറമുള്ള സള്‍ഫര്‍ കിടക്കുന്നതായായിരുന്നു നാസ അന്ന് പുറത്തുവിട്ട ചിത്രം. ഇപ്പോള്‍ ഒരുപടി കൂടി കടന്ന് ഏറെ പ്രദേശത്ത് ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ സ്ഥിരീകരിക്കുന്ന 360 ഡിഗ്രി വീഡിയോ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പുറത്തിവിട്ടിരിക്കുകയാണ്. ചൊവ്വയിലെ ഗെഡിസ് വാലിസ് ചാനലില്‍ ഈ വര്‍ഷം ആദ്യം മുതല്‍ പര്യവേക്ഷണം നടത്തുകയായിരുന്നു ക്യൂരിയോസിറ്റി റോവര്‍. ഗെഡിസ് വാലിസില്‍ നിന്ന് ക്യൂരിയോസിറ്റി റോവര്‍ പകര്‍ത്തിയ 360 ഡിഗ്രി പനോരമ വീഡിയോ പുറത്തുവിട്ടാണ് ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഇപ്പോള്‍ അടുത്ത ആശ്ചര്യം സൃഷ്ടിക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തു. വീഡിയോ പ്ലേ ചെയ്‌ത് വിരല്‍ കൊണ്ട് സ്ക്രീന്‍ ചലിപ്പിച്ചാല്‍ ചൊവ്വയുടെ 360 ഡിഗ്രി ദൃശ്യങ്ങള്‍ കാണാം. മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ പകര്‍ത്തിയ ഈ വീഡിയോയിലാണ് സള്‍ഫര്‍ കല്ലുകളുടെ സാന്നിധ്യമുള്ളത്. സള്‍ഫര്‍ ക്രിസ്റ്റല്‍ കാണുന്ന ഭാഗം നാസ വീഡിയോയില്‍ പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഗെഡിസ് വാലിസ് ചാനലിനോട് യാത്ര പറയുന്നതിന് തൊട്ടുമുമ്പാണ് ക്യൂരിയോസിറ്റി ഈ പനോരമ വീഡിയോ പകര്‍ത്തിയത്.  നിഗൂഢതകളുടെ ഗെഡിസ് വാലിസ്  ചൊവ്വാ ഗ്രഹത്തില്‍ ഒരുകാലത്ത് വെള്ളമൊഴുകിയോ, ശക്തമായ കാറ്റ് കാരണമോ, മണ്ണിടിച്ചില്‍ കാരണമോ സംഭവിച്ച താഴ്‌വര പോലുള്ള പ്രദേശമാണ് ഗെഡിസ് വാലിസ് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ചൊവ്വയുടെ ഭൂതകാല കാലാവസ്ഥയെയും ഭൂമിശാസ്ത്രത്തെയും കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇടമായാണ് ഇവിടം പരിഗണിക്കപ്പെടുന്നത്. ഗെഡിസ് വാലിസ് ചാനലില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ ക്യൂരിയോസിറ്റി റോവര്‍ കയറിയ പാറ പൊട്ടിച്ചിതറിയപ്പോഴാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ പേടകത്തിലെ ക്യാമറയില്‍ ഈ വര്‍ഷം മെയ് മാസം ആദ്യമായി പതിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button