![](https://www.newskerala-online.com/wp-content/uploads/2024/11/1000763349-01-780x470.jpeg)
തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് മുഖ്യ പ്രതി കീഴടങ്ങി. പലരിൽ നിന്നായി 16 ലക്ഷത്തോളം രൂപ വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയായ മുൻ ക്ലർക്ക് കൊല്ലം സ്വദേശി മുജീബ് (42) ആണ് കഴക്കൂട്ടം പൊലീസിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ജൂണിലാണ് ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി എം. മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്നും രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണപ്പെട്ടവരടക്കമുള്ളവരിൽ നിന്നും പണം തട്ടിയെടുത്തതായി തിരിച്ചറിഞ്ഞത്. ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽ നിന്ന് 6,70,000 രൂപയും, ജമീലാ ബീഗത്തിൻ്റെ അക്കൗണ്ടിൽ നിന്ന് 3 ലക്ഷം രൂപയും സുകുമാരൻ്റെ അക്കൗണ്ടിൽ നിന്നും 2,90,000 രൂപയും ഉൾപ്പെടെ 15,10,000 രൂപയാണ് തട്ടിയെടുത്തത്. ട്രഷറിയിലെ സിസിടിവി ക്യാമറ ഓഫ് ചെയ്തതിന് ശേഷമാണ് പണം തട്ടൽ നടത്തിയത് എന്ന് കണ്ടെത്തിയിരുന്നു. വ്യാജ ചെക്ക് ഉപയോഗിച്ച് പല തവണകളായിട്ടാണ് പണം തട്ടിയത്. മുജീബ് കഴക്കൂട്ടത്ത് ജോലിയിലുണ്ടായിരുന്നപ്പോഴാണ് തട്ടിപ്പ് നടത്തിയത്. അക്കൗണ്ട് ഉടമകളറിയാതെ അവരുടെ പേരിൽ ചെക്ക് ബുക്ക് സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. 2024 ഏപ്രിൽ മുതലായിരുന്നു തട്ടിപ്പ് നടത്തിയത്. ജില്ലാ ട്രഷറി ഓഫീസർ നൽകിയ പരാതിയിൽ രണ്ട് കേസുകളാണ് കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്തത്. ട്രഷറി വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്ന് ആറ് പേരെ ജൂണിൽ സസ്പെൻഡ് ചെയ്തിരുന്നു. ക്ലർക്ക് മുജീബ്, ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ അക്കൗണ്ടന്റ്മാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നത്. സസ്പെൻഷനിലായ ജൂനിയർ അക്കൗണ്ടന്റ് വിജയരാജിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന മുജീബ് പൊലീസ് പിടികൂടുമെന്ന് കണ്ടതോടെയാണ് കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
![](https://www.newskerala-online.com/wp-content/uploads/2024/11/1000763349-01.jpeg)