യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ജീവിതശൈലിയും മുൻകാല രോഗാവസ്ഥകളുമാണ് യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) എയിംസും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്സിനേഷനും പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരം ആരോപണങ്ങൾക്ക് ശാസ്ത്രീയ സമവായത്തിന്റെ പിന്തുണയില്ലെന്നും മന്ത്രാലയം അറിയിച്ചു. കർണാടകയിലെ ഹാസനിൽ ഒരു മാസത്തിനിടെ 20 പേർ ഹൃദയാഘാതംമൂലം മരിച്ച സംഭവത്തിൽ കോവിഡ് വാക്സിനാണെന്ന സംശയം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉയർത്തിയിരുന്നു. അതിവേഗത്തിൽ കോവിഡ് വാക്സിന് അനുമതി നൽകി വിതരണം ചെയ്തത് ചിലപ്പോൾ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാമെന്നും വാക്സിനുകളുടെ പാർശ്വഫലങ്ങൾ പഠിക്കുന്നതിന് സമിതി രൂപവത്കരിക്കുന്നതായും സിദ്ധരാമയ്യ എക്സിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.സി.എം.ആർ-എയിംസ് പഠനം ചൂണ്ടിക്കാട്ടി കേന്ദ്രം രംഗത്തുവന്നത്. 18നും 45നും ഇടയിൽ പ്രായമുള്ളവരിൽ പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാൻ ഐ.സി.എം.ആറും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും (എൻ.സി.ഡി.സി) ഗവേഷണങ്ങൾ തുടർന്നുവരുകയാണ്. 2023 മേയ് മുതൽ ആഗസ്റ്റ് വരെ ഇത്തരത്തിൽ പഠനം നടത്തിയിരുന്നു. 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ആശുപത്രികളിലാണ് എയിംസുമായി സഹകരിച്ച് പഠനം നടത്തിയത്. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യവാന്മാരായിരുന്ന, എന്നാൽ പെട്ടെന്ന് മരിച്ച വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. സമീപകാലത്ത് നടത്തിയ രണ്ട് പഠനങ്ങളിലൂടെ യുവാക്കളിലെ പെട്ടെന്നുള്ള മരണ സാധ്യത കോവിഡ് വാക്സിനുകൾ വർധിപ്പിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ജനിതകരോഗ സാധ്യത, ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകൾ, കോവിഡിനു ശേഷമുള്ള സങ്കീർണതകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് കാരണമാകാമെന്നുമാണ് പഠനത്തിൽ പറയുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
