വോളിബോള്‍ പരിശീലനത്തിന് ശേഷം അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട |  വോളിബോള്‍ പരിശീലനത്തിനു ശേഷം കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥികള്‍ അച്ചന്‍കോവിലാറ്റില്‍ മുങ്ങിമരിച്ചു. കോന്നി ഐരവണ്‍ പുതിയകാവ് ക്ഷേത്രത്തിന് സമീപമുള്ള കൊടിഞ്ഞുമൂല കടവിലാണ് സംഭവം. കോന്നി ഐരവണ്‍ പിഎസ്വിപിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ കോന്നി അതുമ്പുംകുളം മണക്കലേത്ത് വീട്ടില്‍ തോമസ് മാത്യു- ഷീന ദമ്പതികളുടെ മകന്‍ ഷിബിന്‍ ബിനോയ്(17), കോന്നി നെടുങ്കോട്ട് വില്ലയില്‍ ഷിബു യോഹന്നാന്‍- ഷേര്‍ലി ദമ്പതികളുടെ മകന്‍ ഡെന്നീസ് ഷിബു(17) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ സ്‌കൂളില്‍ വോളിബോള്‍ പരിശീലത്തിനായി എത്തിയതായിരുന്നു കുട്ടികള്‍. പരിശീലത്തിനുശേഷം സമീപത്തുള്ള കൊടിഞ്ഞുമൂല കടവില്‍ മൂന്നു പേര്‍ അടങ്ങുന്ന സംഘം കുളിക്കുവാനിറങ്ങിയതായിരുന്നു മുങ്ങിത്താണ ഒരു കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് കരയിലെത്തിച്ചു. ഒരാള്‍ അപകടം നടന്ന സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മറ്റൊരാളെ കോന്നി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോന്നി ഫയര്‍ ഫോഴ്സും കോന്നി പൊലീസും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ബിബിന്‍ ഷിബിന്‍ ബിനോയിയുടെ സഹോദരനും ഡോണ ഡെന്നീസ് ഷിബുവിന്റെ സഹോദരിയുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button