CrimeGulf NewsNationalSpot lightWorld

നിമിഷപ്രിയയുടെ മോചനം കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഇടപെടും

തിരുവനന്തപുരം: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷാ തീയതി കുറിക്കപ്പെട്ടു സനായിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് പാലക്കാട്‌ കൊല്ലങ്കോട്‌ തേക്കിന്‍ചിറ സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനു കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഇടപെടും.

ഈമാസം 16 നു ശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്കു പബ്ലിക്‌ പ്രോസിക്യൂഷന്‍ ഉത്തരവു നല്‍കിയതിനു പിന്നാലെയാണിത്‌.
8.57 കോടി രൂപ ദയാധനത്തിന്റെ സാധ്യത പരിശോധിച്ചാകും വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍. പ്രശ്‌നപരിഹാരത്തിന്‌ ശ്രമിക്കാമെന്ന്‌ ഇറാന്‍ മുമ്ബ്‌ വ്യക്‌തമാക്കിയിരുന്നെങ്കിലും ഇസ്രയേലുമായുള്ള യുദ്ധം സാഹചര്യം കീഴ്‌മേല്‍ മറിച്ചു. യെമനിലെ നീതിന്യായ വ്യവസ്‌ഥയില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഗോത്രനേതാക്കളിലാണ്‌ ഇനി പ്രതീക്ഷ. ദിയാധനം സ്വീകരിക്കുന്നതിലും നിരസിക്കുന്നതിലും ഉള്‍പ്പെടെ ഇവരുടെ പങ്ക്‌ വലുതാണ്‌.
നിമിഷപ്രിയയുടെ കേസില്‍ കൊല്ലപ്പെട്ട തലാല്‍ അബ്‌ദോ മെഹ്‌ദിയുടെ കുടുംബത്തിലെ ചില അംഗങ്ങള്‍ ദിയാധനം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതാണു പ്രതിസന്ധി. എല്ലാ കുടുംബാംഗങ്ങളും അംഗീകരിച്ചാല്‍ മാത്രമേ ദിയാധനം വാങ്ങി കേസ്‌ ഒത്തുതീര്‍പ്പാക്കാനും വധശിക്ഷയില്‍നിന്നു മോചനം നേടാനും സാധിക്കൂ. കുടുംബാംഗങ്ങളുമായി സമവായത്തിന്‌ ശ്രമിക്കുന്ന ഗോത്രത്തലവന്മാരുടെ നീക്കം

ഫലപ്രാപ്‌തിയിലെത്തുമെന്നാണു പ്രതീക്ഷ. നിമിഷപ്രിയയുടെ ബിസിനസ്‌ പങ്കാളിയായിരുന്ന യെമന്‍ പൗരന്‍ 2017-ലാണു കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ അറസ്‌റ്റിലായ നിമിഷപ്രിയയെ തൊട്ടടുത്തവര്‍ഷം വധശിക്ഷയ്‌ക്കു വിധിച്ചു.
കീഴ്‌ക്കോടതിവിധി യെമന്‍ സുപ്രീം കോടതിയും 2023-ല്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും ശരിവച്ചു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലെത്തി മകളെ മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദിയാധനം സ്വീകരിച്ച്‌ തലാലിന്റെ കുടുംബം മാപ്പ്‌ നല്‍കുന്നതാണ്‌ വധശിക്ഷ ഒഴിവാക്കാനുള്ള ഏക പോംവഴിയെന്നു യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. ഉത്തരവ്‌ ജയിലില്‍ ലഭിച്ചു. അത്‌ ഇന്ത്യന്‍ എംബസിക്ക്‌ കൈമാറിയിട്ടുണ്ട്‌. തലാലിന്റെ കുടുംബത്തെ ഉടന്‍ കാണുമെന്നും ചര്‍ച്ചകള്‍ക്കു മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button