ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
സുരക്ഷ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച മന്ത്രിസഭ സമിതി പദ്ധതിയ്ക്ക് തത്വത്തില്‍ അംഗീകാരമായി. അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മ്യാന്‍മാര്‍.
1643 കിലോമീറ്റര്‍ നീളത്തിലാണ് ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ വേലികെട്ടുക. മ്യാന്‍മാറിലൂടെ ഇന്ത്യയിലേക്ക് ആയുധക്കടത്തും മയക്കുമരുന്ന് കടത്തും വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. 1643 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിക്കുന്ന വേലിയ്‌ക്കൊപ്പം റോഡുകളും നിര്‍മ്മിക്കും. 31,000 കോടി രൂപയാണ് അതിര്‍ത്തിയില്‍ വേലി കെട്ടുന്നതിനായി കണക്കാക്കുന്നത്.
അതിര്‍ത്തിയില്‍ ഇതുവരെ 30 കിലോമീറ്റര്‍ വേലി പൂര്‍ത്തിയായതായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുറന്നുകിടക്കുന്ന അതിര്‍ത്തിയാണ് മണിപ്പൂരിലെ കലാപത്തിന്റെ കാരണമെന്നും അമിത്ഷാ പറഞ്ഞിരുന്നു. മണിപ്പൂര്‍ കലാപത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ മ്യാന്‍മാറില്‍ നിന്നുള്ള ആയുധക്കടത്തിന്റെയും ലഹരിക്കടത്തിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നേരത്തെ ഇന്ത്യയിലെയും മ്യാന്‍മാറിലെയും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അതിര്‍ത്തിയില്‍ നിന്ന് രേഖകളില്ലാതെ തന്നെ ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന ഇന്ത്യ-മ്യാന്‍മാര്‍ ഫ്രീ മൂവിമെന്റ് റെജിം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. രേഖകളില്ലാതെ 16 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്നതായിരുന്നു ഇന്ത്യ-മ്യാന്‍മാര്‍ ഫ്രീ മൂവിമെന്റ്.