മയാമിയിൽ ‘വിനിയാട്ടം’! വിനീഷ്യസിന് ഡബ്ൾ; മൂന്നടിയിൽ സ്കോട്ട്ലൻഡിനെ വീഴ്ത്തി ബ്രസീൽ ഗ്രൂപ്പ്‌ ചാമ്പ്യൻമാർ ആയി നോക്കൗട്ടിൽ

മയാമി: ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പ് നോക്കൗട്ടിൽ. സി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്കോട്ട്ലൻഡിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് കാനറികൾ റൗണ്ട് ഓഫ് 32ലേക്ക് കടന്നത്. സൂപ്പർതാരം വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുമായി തിളങ്ങി. മതേയൂസ് കുൻഹയാണ് ടീമിന്‍റെ മൂന്നാം ഗോൾ നേടിയത്. ഇടവേളക്കുശേഷം 76ാം മിനിറ്റിൽ സൂപ്പർതാരം നെയ്മർ പകരക്കാരനായി കളത്തിലിറങ്ങി. പരിക്കിൽനിന്ന് മുക്തനായി ഫിറ്റ്നെസ് വീണ്ടെടുത്ത താരം 980 ദിവസങ്ങൾക്കുശേഷമാണ് മഞ്ഞകുപ്പായത്തിൽ കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹെയ്ത്തിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് മൊറോക്കോയും നോക്കൗട്ടിലെത്തി. ബ്രസീലിനും മൊറോക്കോക്കും ഏഴു പോയന്‍റ് വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് കാനറികൾ സി ഗ്രൂപ്പിൽ ഒന്നാമതെത്തിയത്. മഞ്ഞപ്പടയുടെ മിന്നലാക്രമണങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന സ്കോട്ടിഷ് പ്രതിരോധത്തെയാണ് മൈതാനത്ത് കണ്ടത്. ആക്രമണത്തിന് മുൻതൂക്കം നൽകി 4-1-2-3 എന്ന ശൈലിയിലാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ടീമിനെ കളത്തിലിറക്കിയത്. കൗണ്ടർ അറ്റാക്കിലൂടെ സ്കോട്ടിഷുകാർ ബ്രസീൽ ഗോൾമുഖത്ത് വെല്ലുവിളി ഉയർത്തിയെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. മികച്ച സേവുകളുമായി ഗോൾകീപ്പർ അലിസൺ ബെക്കറും കളംനിറഞ്ഞു.ഏഴാം മിനിറ്റിലാണ് വിനീഷ്യസിലൂടെ കാനറികൾ ആദ്യം ലീഡെടുക്കുന്നത്. സ്കോട്ടിഷ് പ്രതിരോധതാരം സ്കോട്ട് മക്‌കെന്നയുടെ പിഴവിൽനിന്നായിരുന്നു ഗോൾ. മക്‌കെന്നയുടെ ഷോട്ട് റയാൻ ഇന്‍റർസെപ്റ്റ് ചെയ്തതോടെ പന്ത് വിനീഷ്യസിന്‍റെ മുന്നിലേക്ക്, മുന്നിൽ സ്കോട്ടിഷ് ഗോൾകീപ്പർ ആംഗസ് ഗൺ മാത്രം. ഗോളിയെ കബളിപ്പിച്ച് താരം പന്ത് വലയിലാക്കി. 22ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു. പ്രതിരോധ താരം ജാക്കി ഹെഡ്രിയിൽനിന്ന് പന്ത് തട്ടിയെടുക്കുന്നതിനിടെ അദ്ദേഹത്തെ വിനീഷ്യസ് ഫൗൾ ചെയ്തതായി വിഡിയോ റിവ്യൂവിൽ കണ്ടെത്തി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+3) വിനീഷ്യസ് ബ്രസീലിന്‍റെ ലീഡ് ഉയർത്തി. ബ്രൂണോ ഗ്യുമറേസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഗോൾ കീപ്പർക്കും പ്രതിരോധ താരത്തിനും മുകളിലൂടെ ബോക്സിന്‍റെ മൂലയിലേക്ക്, കുതിച്ചെത്തിയ വിനീഷ്യസ് ഹെഡ്ഡറിലൂടെ വലയിലാക്കി. ലോകകപ്പിൽ മൂന്നു മത്സരങ്ങളിൽനിന്നായി താരത്തിന്‍റെ ഗോൾനേട്ടം നാലായി. ലോകകപ്പിന്‍റെ മൂന്നു ഗ്രൂപ്പ് മത്സരങ്ങളിലും ഗോൾ നേടുന്ന അഞ്ചാമത്തെ ബ്രസീൽ താരമെന്ന നേട്ടവും വിനീ‍ഷ്യസ് സ്വന്തമാക്കി. ജയർസിഞ്ഞോ, റൊമാരിയോ, റൊണാൾഡോ, റിവാൾഡോ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങൾ. നേരത്തെ, 30ാം മിനിറ്റിൽ ഒരു സെറ്റ്പീസിൽനിന്ന് സ്കോട്ടിഷുകാർക്ക് സുവർണാവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 45ാം മിനിറ്റിൽ ബ്രസീൽ താരങ്ങളുടെ ഗോൾശ്രമം സ്കോട്ടീഷ് പ്രതിരോധം വിഫലമാക്കി. 2-0 എന്ന സ്കോറിനാണ് മത്സരം ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതിയിൽ ഒരു മാറ്റവുമായാണ് സ്കോട്ടിഷുകാർ ഇറങ്ങിയക്. ആൻഡ്രൂ റോബട്സണെ പിൻവലിച്ച് കീറൻ ടിയേർണിയെ കളത്തിലിറക്കി. 60ാം മിനിറ്റിൽ മതേയൂസ് കുൻഹയിലൂടെ ബ്രസീൽ മൂന്നാംഗോൾ നേടി. ബോക്സിനുള്ളിൽ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബ്രൂണോ ഗ്യുമറേസ് നൽകിയ പന്ത് കുൻഹ ലക്ഷ്യത്തിലെത്തിച്ചു. 64ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനയുടെ ഹെഡ്ഡർ ബ്രസീൽ ഗോൾകീപ്പർ അലിസണൺ ബക്കർ തട്ടിയകറ്റി. 66ാം മിനിറ്റിൽ ബ്രസീൽ ലൂകാസ് പക്വേറ്റ, കാസെമിറോ എന്നിവരെ പിൻവലിച്ച് ഫാബിനോ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരെ കൊണ്ടുവന്നു. ബ്രസീലിന്‍റെ മുന്നേറ്റനിര പലപ്പോഴും സ്കോട്ടിഷ് ഗോൾ മുഖത്ത് വെല്ലുവിളി ഉയർത്തി. കൗണ്ടർ അറ്റാക്കിലൂടെ സ്കോട്ടിഷുകാരും ബ്രസീൽ ബോക്സിലേക്ക് മുന്നേറി. 76ാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. കുൻഹയെ പിൻവലിച്ച് സൂപ്പർതാരം നെയ്മർ കളത്തിലിറങ്ങി. ലോകകപ്പിൽ ആദ്യമായാണ് താരം കളിക്കാനിറങ്ങുന്നത്. നീണ്ട ഇടവേളക്കശേഷമുള്ള താരത്തിന്‍റെ മഞ്ഞ കുപ്പായത്തിലേക്കുള്ള തിരിച്ചുവരവ് ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. അവസാന മിനിറ്റുകളിൽ ആശ്വാസ ഗോളിനായി സ്കോട്ടിഷുകാർ നടത്തിയ നീക്കങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല. പരിക്കേറ്റ റാഫിഞ്ഞക്കു പകരം റയാനെയാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button