പുതിയ സർക്കാറിന് വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി
തിരുവനന്തപുരം: പുതിയ സർക്കാറിന് മുന്നിൽ കടുത്ത വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി. ക്ഷേമപെൻഷൻ മൂവായിരമാക്കും, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര തുടങ്ങിയ പ്രഖ്യാപനങ്ങൾക്കെല്ലാം സാമ്പത്തിക പ്രതിസന്ധി കടുത്ത വെല്ലുവിളിയാകുമെന്ന നിലയിലാണ് സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം. പൊതുവിപണിയിൽനിന്ന് ഈ വർഷം ഡിസംബർവരെ കേരളത്തിന് 23,000 കോടി കടമെടുക്കാൻ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞവർഷത്തേക്കാൾ കുറവാണ്. ഇതിൽ 2,800 കോടി പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ചതന്നെ കടമെടുക്കുന്നുണ്ട്. ഈ മാസം ക്ഷേമപെൻഷൻ. ശമ്പളം, പെൻഷൻ എന്നിവ നൽകാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണിതെന്ന് ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥമെന്ന നിലയിലാണ് 2,800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നത്. ഇതിനുള്ള ലേലം 12ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴിയാണ് നടക്കുന്നത്. അതിരൂക്ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി പുതിയ സർക്കാറിന് ആദ്യമാസങ്ങളിൽതന്നെ കടുത്ത വെല്ലുവിളിയാകും.കഴിഞ്ഞവർഷം ഡിസംബർവരെ 29,500 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രം അനുമതി നൽകിയിരുന്നു. എന്നാൽ, ഇത്തവണ ഏകദേശം 6,000 കോടിയുടെ കുറവുണ്ട്. കണക്കുകളെക്കുറിച്ച് കേന്ദ്രം വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമാനുമതി നൽകുന്നതിനുമുമ്പ് 4,700 കോടി എടുക്കാൻ കഴിഞ്ഞമാസം താൽകാലിക അനുമതി നൽകിയിരുന്നു. അതുകൂടി ചേർത്താണ് ഇപ്പോൾ 23,000 കോടി അനുവദിച്ചത്. ക്ഷേമപെൻഷൻ 3,000 രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനമുള്ളതിനാൽ അതിനും കൂടുതൽ തുക കണ്ടെത്തണം.





