കളിക്കിടെ തലയില്‍ കുടുങ്ങിയത് അലുമിനിയം പാത്രം; രണ്ട് വയസ്സുകാരിയെ അതിസാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന

കോഴിക്കോട്: കളിക്കിടെ അബദ്ധത്തില്‍ അലുമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ട് വയസ്സുകാരിയെ അഗ്‌നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. നാദാപുരം പാറക്കടവ് ഉമ്മത്തൂരിലെ കളത്തറ അനസിന്റെ മകള്‍ ഫാത്തിമ ആലിയയ്‌ക്കാണ് അപൂര്‍വമായ ഈ അപകടം സംഭവിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം.വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി അലുമിനിയം പാത്രം തലയില്‍ വച്ചപ്പോള്‍ അത് മുഴുവനായും കുടുങ്ങിപ്പോയി. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങള്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും പാത്രം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ വീട്ടുകാര്‍ കുട്ടിയെ നാദാപുരം ഫയര്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയ അഗ്‌നിരക്ഷാസേന അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.കട്ടറും സ്‌പ്രെഡറും ഉള്‍പ്പെടെയുള്ള പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് പാത്രം സൂക്ഷ്മമായി മുറിച്ചുമാറ്റിയാണ് കുട്ടിയെ പരിക്കുകളൊന്നുമില്ലാതെ മോചിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. സ്റ്റേഷന്‍ ഓഫീസര്‍ എസ്. വരുണിന്റെ നേതൃത്വത്തില്‍ ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ മധുപ്രസാദ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഐ. ഉണ്ണികൃഷ്ണന്‍, മുഹമ്മദ് സാനീജ് എന്നിവരും രക്ഷാദൗത്യത്തില്‍ പങ്കെടുത്തു.സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടസാധ്യത ഒഴിവാക്കാന്‍ കഴിഞ്ഞതില്‍ നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button