വോട്ട് ചോരി: തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ പുതിയ വെബ്സൈറ്റുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിക്ക് അനുകൂലമായി വോട്ടുകളിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘വോട്ട് ചോരി’ എന്ന പേരിൽ പുതിയ വെബ്സൈറ്റ് പുറത്തിറക്കി. തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും പ്രചാരണം നടത്താനുമാണ് ഈ വെബ്സൈറ്റ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങൾ ‘ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്ന ജനാധിപത്യ മൂല്യത്തിന് എതിരാണെന്ന് രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യത കൊണ്ടുവരണമെന്നും ഡിജിറ്റൽ വോട്ടർ ലിസ്റ്റ് പുറത്തുവിടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങളും തെളിവുകളും പേരും മൊബൈൽ നമ്പറും സഹിതം ജനങ്ങൾക്ക് ഈ വെബ്സൈറ്റിൽ പങ്കുവെക്കാൻ സാധിക്കും.
വോട്ട് ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളും വീഡിയോ സന്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷം വോട്ടുകളുടെ ക്രമക്കേട് നടന്നതായി അദ്ദേഹം ഒരു വാർത്താ സമ്മേളനത്തിൽ തെളിവുകൾ സഹിതം ആരോപിച്ചിരുന്നു. കൂടാതെ, 33,000 വോട്ടുകൾക്ക് താഴെ ബി.ജെ.പി ജയിച്ച 25 മണ്ഡലങ്ങളുണ്ടെന്നും, ഇത് ഇല്ലായിരുന്നെങ്കിൽ മോദിക്ക് ഭരണം നഷ്ടപ്പെടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിക്ക് വേണ്ടി ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിൻ്റെ ഈ പുതിയ നീക്കം തിരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്.
വോട്ട് ചോരി വെബ്സൈറ്റ് സന്ദർശിക്കാൻ: https://rahulgandhi.in/awaazbharatki/votechori
