സ്വാതന്ത്ര്യസമര സ്മരണകളും തലമുറകളുടെ പൈതൃകവും; ചരിത്രത്തിന്റെ ഭാഗമായ സോണിയാ ഗാന്ധിയുടെ വിവാഹസാരിയുടെ കഥ!
ന്യൂഡൽഹി: വിവാഹ സാരികൾ ഒരു ദിവസത്തെ ചടങ്ങിന് മാത്രമായി തിരഞ്ഞെടുക്കുന്നതാണെങ്കിലും മിക്കതിനും ചില സവിശേഷതകൾ ഉണ്ടായിരിക്കാം. ഒരു സാരിയിലൂടെ മൂന്ന് തലമുറകളുടെ കുടുംബചരിത്രവും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകളും ഒരുമിക്കുകയാണെങ്കിലോ? പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വിവാഹസാരിയുടെ പ്രത്യേകതയെക്കുറിച്ചാണ്. ജവഹർലാൽ നെഹ്റു തന്റെ ജയിൽവാസസമയത്ത് നിർമിച്ച നൂലുകൊണ്ട് നെയ്തെടുത്ത പിങ്ക് നിറത്തിലുള്ള ഖാദി സാരിയായിരുന്നു 1968ൽ രാജീവ് ഗാന്ധിയുമായുള്ള വിവാഹദിനത്തിൽ സോണിയ അണിഞ്ഞത്. ഈയിടെ പുറത്തിറങ്ങിയ Belonging: A Journey of Love എന്ന പുസ്തകത്തിൽ സോണിയ ഗാന്ധി ഈ സാരിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പുസ്തകം പുറത്തിറങ്ങിയതോടെ സാരിക്ക് പിന്നിലെ അപൂർവമായ കഥ വീണ്ടും ശ്രദ്ധ നേടുകയാണ്.1942ൽ ഇന്ദിര ഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും വിവാഹത്തിനാണ് ഇന്ദിര ഗാന്ധിക്കായി ഈ സാരി നിർമിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പോരാട്ടത്തിൽ ജയിലിൽ കഴിയുന്നതിനിടെയാണ് അദ്ദേഹം ഈ നൂൽ നെയ്തെടുക്കുന്നത്. വെള്ളി നിറത്തിലുള്ള മനോഹരമായ ഡിസൈനുകളാണ് സാരിയുടെ പ്രത്യേകത. പിന്നീട് ഈ സാരി മരുമകളായ സോണിയക്ക് സമ്മാനിച്ചു. 1968 ഫെബ്രുവരി 25നായിരുന്നു രാജീവ് ഗാന്ധിയും സോണിയയും തമ്മിലുള്ള വിവാഹം. ഇറ്റലിയിൽനിന്ന് ഇന്ത്യയിലെത്തിയ സോണിയയാകട്ടെ ആഡംബര വസ്ത്രത്തിന് പകരം ഇന്ദിര സമ്മാനിച്ച ഈ സാരിയാണ് തിരഞ്ഞെടുത്തത്. 1997ൽ പ്രിയങ്ക ഗാന്ധിയും വിവാഹദിനത്തിൽ ഇതേ സാരി അണിഞ്ഞതായും പറയുന്നുണ്ട്. അങ്ങനെ ഇന്ദിരയിൽനിന്ന് സോണിയയിലേക്കും പിന്നീട് പ്രിയങ്കയിലേക്കും കൈമാറിയ സാരി നെഹ്റു-ഗാന്ധി കുടുംബത്തിന്റെ അമൂല്യമായ പൈതൃകമായി മാറി.വസ്ത്രമെന്നതിലുപരി ഈ സാരിക്ക് മറ്റൊരു ചരിത്രപ്രാധാന്യം കൂടിയുണ്ട്. അന്നത്തെക്കാലത്ത് ഖാദി എന്നത് സ്വാശ്രയത്വത്തിന്റെയും സ്വദേശി പ്രസ്ഥാനത്തിന്റെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെയും പ്രതീകമായിരുന്നു. വിലപിടിപ്പുള്ള ആഭരണങ്ങളോ ആഡംബരപൂർണമായ വസ്ത്രങ്ങളോ അല്ല, മറിച്ച് തലമുറകളുടെ സ്നേഹവും ചരിത്രവും സ്വാതന്ത്ര്യസമരത്തിന്റെ ഓർമകളും പേറുന്ന ഒരു ഖാദി സാരിയാണ് സോണിയ ഗാന്ധിയുടെ വിവാഹവസ്ത്രത്തെ വേറിട്ടതാക്കുന്നത്.





