മുംബൈ: മഹാരാഷ്ട്രയിൽ തുടർഭരണം ഉറപ്പിച്ച് മഹായുതി മുന്നണി. മൊത്തം 288 സീറ്റിൽ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റിൽ മാത്രമാണ് മുന്നിൽ. ബിജെപിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളിൽ 124ലും ബിജെപി ലീഡ് ചെയ്യുന്നു. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുൻനിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്. ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിൻ്റെ എൻസിപിയും മുന്നേറി. ഇതോടെ ലോക്സഭയിലേറ്റ തിരിച്ചടിയുടെ നാണക്കേടും മാറ്റാനായി. ഷിൻഡേ ശിവസേന മത്സരിക്കുന്ന 81ൽ 55ലും അജിത് പവാറിൻ്റെ എൻസിപി 59ൽ 38ലും മുന്നിലാണ്. അതേസമയം, 101 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 20 എണ്ണത്തിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്. ശരദ് പവാറിൻ്റെ എൻസിപി 86-ൽ 19-ലും താക്കറെ സേന 95-ൽ 13-ലും മുന്നിലാണ്. ഉദ്ധവ് താക്കറേക്ക് കനത്ത തിരിച്ചയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. യഥാർഥ ശിവസേന തങ്ങളാണെന്ന് തെളിയിക്കാനാണ് താക്കറെ ശിവസേന അരയും തലയും മുറുക്കി രംഗത്തെത്തിയത്. എന്നാൽ മത്സരത്തിൽ കനത്ത തിരിച്ചടിയാണ് അവർക്കുണ്ടായത്. മത്സരിച്ച 95 സീറ്റിൽ 13 എണ്ണത്തിൽ മാത്രമാണ് അവർക്ക് മുന്നേറാൻ കഴിഞ്ഞത്. ശക്തികേന്ദ്രമായ മുംബൈയിൽ പോയി തിരിച്ചടിയുണ്ടായി. ബുധനാഴ്ച അവസാനിച്ച പോളിംഗിൽ 65.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഉയർന്ന പോളിങ്ങാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്. ജാർഖണ്ഡിൽ ഇന്ത്യ മുന്നണി വിജയത്തിലേക്ക് നീങ്ങുകയാണ്. മൊത്തം 81 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 48 സീറ്റിൽ മുന്നിൽ നിൽക്കുകയാണ്. 31 സീറ്റിൽ എൻഡിഎ സഖ്യവും മുന്നിൽ നിൽക്കുന്നു.
Related Articles
ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമല്ല, നിര്ണായക ഉത്തരവുമായി സുപ്രീംകോടതി
2 weeks ago
ചികിത്സക്കെത്തിയ യുവതിയെ മയക്കി കിടത്തി പീഡനം, വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; ഡോക്ടർ പിടിയിൽ
October 30, 2024