പീഡിപ്പിക്കാന്‍ ശ്രമിച്ചവന്റെ നാക്ക് കടിച്ചെടുത്തു, യുവതിയ്ക്ക് തടവ് ശിക്ഷ; ലൈംഗിക അക്രമം നടത്തിയവന് ചെറിയ ശിക്ഷ; നിയമപോരാട്ടത്തിന് ഒടുവില്‍ 61 വര്‍ഷത്തിന് ശേഷം സ്ത്രീയെ കുറ്റവിമുക്തയാക്കി

ദക്ഷിണ കൊറിയയിലെ സിയോളില്‍ അനിതരസാധാരണമായൊരു നീതി നടപ്പായത് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. 61 വര്‍ഷത്തിന് ശേഷം നീണ്ട പോരാട്ടത്തിലൂടെ തനിക്ക് നേരിടേണ്ടി വന്ന ഒരു അനീതി ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയും നീതി നേടിയെടുത്തിരിക്കുകയും ചെയ്തിരിക്കുകയാണ് ചോയ് മാല്‍-ജ എന്ന സ്ത്രീ ദക്ഷിണ കൊറിയന്‍ വനിത. ലൈംഗികാതിക്രമത്തിനിടെ രക്ഷപ്പെടാനായി അക്രമിയുടെ നാവ് കടിച്ചുമുറിച്ചതിന് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീയാണ് നീണ്ട നാളത്തെ പോരാട്ടത്തിന് ഒടുവില്‍ കുറ്റവിമുക്തയാക്കാന്‍ കോടതിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
ചോയ് മാല്‍-ജയ്ക്ക് 18 വയസ്സുള്ളപ്പോള്‍ ഗുരുതരമായ ശാരീരിക ഉപദ്രവത്തിന്റെ പേരിലാണ് അവര്‍ക്ക് 10 മാസം തടവ് ശിക്ഷ വിധിച്ചത്. തനിക്കെതിരെയുള്ള ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ഉപദ്രവിച്ച പുരുഷന്റെ നാവ് കടിച്ചതിനാണ് ആ 18 വയസുകാരിക്ക് കോടതി 10 മാസം തടവ് ശിക്ഷ വിധിച്ചത്. 21 വയസ്സുള്ള അവളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമിക്ക് വെറും ആറ് മാസത്തെ കുറഞ്ഞ ശിക്ഷയാണ് അന്ന് കോടതി നല്‍കിയത്. 21 വയസ്സുള്ള അക്രമിയുടെ നാവിന്റെ 1.5 സെന്റീമീറ്റര്‍ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ യുവതി കടിച്ചു മുറിച്ചു. നാവ് മുറിഞ്ഞ അക്രമി പരാതിപ്പെട്ടതോടെയാണ് ചോയിയെ കോടതി പത്ത് മാസം ശിക്ഷിച്ചത്.
ചോയ് ദക്ഷിണകൊറിയയിലെ തെക്കന്‍ പട്ടണമായ ഗിംഹെയില്‍ വെച്ചാണ് ശാരീരിക ഉപദ്രവത്തിന് ഇരയായത്. അതേസമയം പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിക്ക് ആറ് മാസത്തെ കുറഞ്ഞ ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ഈ അനീതിക്കെതിരെ പോരാടാനാണ് ചോയ് തീരുമാനിച്ചത്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ദക്ഷിണ കൊറിയന്‍ സ്ത്രീയുടെ ശിക്ഷ കോടതി വീണ്ടും പരിഗണിച്ചതിനെത്തുടര്‍ന്ന് അവളെ കുറ്റവിമുക്തയാക്കി. തന്റെ പേരിലെ കുറ്റം നീക്കം ചെയ്ത് തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളോളം നീണ്ടുനിന്ന ചോയുടെ പോരാട്ടം ഒടുവില്‍ ജൂലൈയില്‍ തെക്കന്‍ നഗരമായ ബുസാനില്‍ ഒരു പുനഃവിചാരണയ്ക്ക് വഴിയൊരുക്കി. ആദ്യ വാദം കേള്‍ക്കലില്‍ തന്നെ പ്രോസിക്യൂട്ടര്‍മാര്‍ അവരോട് ക്ഷമാപണം നടത്തി. അസാധാരണമായ ഒരു നീക്കത്തിലൂടെ ശിക്ഷ റദ്ദാക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടു.
‘ഈ കേസ് ഉത്തരം ലഭിക്കാതെ വിടാന്‍ എനിക്ക് കഴിയില്ലെന്നാണ് ചോയ് മാല്‍-ജ വിചാരണ വേളയില്‍ പറഞ്ഞത്. തന്റെ അതേ വിധി പങ്കിടുന്ന മറ്റ് ഇരകള്‍ക്ക് വേണ്ടി നിലകൊള്ളാനും മാറ്റത്തിനും വേണ്ടി താന്‍ ആഗ്രഹിക്കുന്നുവെന്നാണ് കുറ്റവിമുക്തയാക്കപ്പെട്ടതിന് ശേഷം ചോയ് പറഞ്ഞത്. അധികാരം ദുരുപയോഗം ചെയ്തതിന്റെ ഉത്തമ ഉദാഹരണമാണ് ഇരയായ തനിക്ക് ലഭിച്ച ശിക്ഷയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എനിക്ക് നീതി ലഭിക്കാതെ ഈ കേസ് വിടാന്‍ എനിക്ക് കഴിയില്ലായിരുന്നു. എന്റെ അതേ വിധിയുള്ള മറ്റ് ഇരകള്‍ക്കു വേണ്ടി നിലകൊള്ളാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരു ഇരയില്‍നിന്ന് എന്നെ ഒരു കുറ്റക്കാരിയാക്കി മാറ്റാന്‍ അധികാരികള്‍ക്ക് സാധിച്ചു. എന്റെ ചുറ്റുമുള്ളവര്‍ എന്റെ ഈ ശ്രമം പാഴായിപ്പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും പക്ഷേ എനിക്ക് ഈ കേസ് വിടാന്‍ കഴിഞ്ഞില്ല. അധികാരം ദുരുപയോഗം ചെയ്തതിന്റെ ഉത്തമ ഉദാഹരണമാണ് എനിക്ക് ലഭിച്ച ശിക്ഷ. എന്നെ പിന്തുണച്ചവര്‍ക്ക് നന്ദി”
ലൈംഗിക അതിക്രമങ്ങള്‍ക്കിടെ സ്വയം പ്രതിരോധം അംഗീകരിക്കുന്നതില്‍ കോടതി പരാജയപ്പെട്ടതിന്റെ ഉദാഹരണമായി ദക്ഷിണ കൊറിയയിലെ നിയമ പാഠപുസ്തകങ്ങളിലും ഈ കേസ് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അന്ന് ഒരു കൗമാരക്കാരിയുട വിധി മാറ്റിമറിച്ചതാണ് ആ സംഭവം. ഒരു ഇരയില്‍ നിന്ന് ഒരു കുറ്റാരോപിതയാക്കി ലൈംഗികാതിക്രമം പ്രതിരോധിച്ചവളെ നിയമസംവിധാനം മാറ്റിയത് ഇന്ന് വലിയ വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്.
