ഗ്ലാസ്‌ഗോയിൽ ലൗപ്രീതിന്റെ വെള്ളിത്തിളക്കം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് മെഡൽ

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം. പുരുഷന്മാരുടെ പ്ലസ് 110 (+110) കിലോ ഗ്രാം സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരം ലൗപ്രീത് സിങ് വെള്ളി മെഡൽ സ്വന്തമാക്കി. ആകെ 388 കിലോ ഗ്രാം ഭാരം ഉയർത്തിയാണ് 28-കാരനായ ലൗപ്രീത് രാജ്യത്തിന് അഭിമാനമായത്. സ്നാച്ച് വിഭാഗത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ലൗപ്രീത് ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. 168, 173, 176 കിലോകൾ വിജയകരമായി ഉയർത്തിയ അദ്ദേഹം, സ്നാച്ചിലെ 176 കിലോ പ്രകടനത്തിലൂടെ പുതിയ ഗെയിംസ് റെക്കോർഡും കുറിച്ചു. എന്നാൽ, ക്ലീൻ ആൻഡ് ജെർക്കിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് താരത്തിന് സ്വർണം നഷ്ടമായത്. തന്റെ രണ്ടാമത്തെ ശ്രമത്തിൽ 212 കിലോ ഉയർത്തിയെങ്കിലും, 217 കിലോ ഉയർത്താനുള്ള മൂന്നാം ശ്രമം പരാജയപ്പെടുകയായിരുന്നു. സ്നാച്ച് റൗണ്ട് അവസാനിക്കുമ്പോൾ ലൗപ്രീതിന് 10 കിലോയുടെ വ്യക്തമായ ലീഡ് ഉണ്ടായിരുന്നു. എന്നാൽ ക്ലീൻ ആൻഡ് ജെർക്കിൽ അവിശ്വസനീയ പ്രകടനം പുറത്തെടുത്ത ന്യൂസിലൻഡിന്റെ ഡേവിഡ് ആൻഡ്രൂ ലിറ്റി സ്വർണം തട്ടിയെടുക്കുകയായിരുന്നു. ആകെ 389 കിലോ ഭാരമാണ് ലിറ്റി ഉയർത്തിയത് (സ്നാച്ചിൽ 166 കിലോ, ക്ലീൻ ആൻഡ് ജെർക്കിൽ 223 കിലോ). ക്ലീൻ ആൻഡ് ജെർക്കിലെ ലിറ്റിയുടെ 223 കിലോയുടെ പ്രകടനം പുതിയ ഗെയിംസ് റെക്കോർഡാണ്. ഇംഗ്ലണ്ടിന്റെ ആൻഡ്രൂ ഗ്രിഫിത്ത്‌സിനാണ് ഈ വിഭാഗത്തിൽ വെങ്കലം. മത്സരത്തിൽ സ്വർണം നേടുമെന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന സമോവയുടെ സനേലെ മാവോ സ്നാച്ചിൽ 175 കിലോ ഉയർത്താനുള്ള മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ട് പുറത്തായത് മത്സരത്തിൽ നിർണായകമായി. ഇത് ലൗപ്രീതിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. 2022-ലെ ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 109 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ താരമാണ് ലൗപ്രീത് സിങ്. മികച്ച പോരാട്ടത്തിലൂടെ അന്ന് നേടിയ വെങ്കലത്തെ ഗ്ലാസ്‌ഗോയിൽ വെള്ളിയാക്കി മാറ്റാൻ താരത്തിന് സാധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button