ആദ്യ ഗോൾ, അവിസ്മരണീയ സമനില; ലോകകപ്പിൽ വീണ്ടും കേപ് വെർഡെ വണ്ടർ

കാലിഫോർണിയ: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ വിസ്മയമായി മാറുകയാണ് കേപ് വെർഡെ. കിരീട ഫേവറിറ്റായ സ്പെയിനിനെ സമനിലയിൽ തളച്ചതിന് പിന്നാലെ, കരുത്തരായ ഉറുഗ്വായ്ക്കെതിരെയും മികച്ച പോരാട്ടം കാഴ്ചവെച്ചാണ് കേപ് വെർഡെ ലോക ഫുട്ബോളിനെ അമ്പരപ്പിക്കുന്നത്. വാശിയേറിയ പോരാട്ടത്തിൽ ഇരുടീമുകളും രണ്ട് ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ തുടക്കം മുതൽ അപ്രതീക്ഷിത ആക്രമണങ്ങളുമായി ഉറുഗ്വായ് പ്രതിരോധത്തെ കേപ് വെർഡെ വിറപ്പിച്ചു. 21-ാം മിനിറ്റിൽ കളിയിൽ ചരിത്രനിമിഷം പിറന്നു. ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായ ഷോട്ടിലൂടെ വലയിലെത്തിച്ച് കെവിൻ പീന കേപ് വെർഡെയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ സ്വന്തം പേരിലാക്കി. ഗോൾ വഴങ്ങിയതോടെ ഉണർന്ന ഉറുഗ്വായ് 44-ാം മിനിറ്റിൽ മാക്‌സി അരാഹോയിലൂടെ സമനില പിടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അഗസ്റ്റിൻ കനോബിയോ കൂടി ലക്ഷ്യം കണ്ടതോടെ ഉറുഗ്വായ് മത്സരത്തിൽ മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ മുൻ ചാമ്പ്യന്മാർ 2-1ന് ലീഡ് ചെയ്തു. രണ്ടാം പകുതിയിൽ പതറാതെ പൊരുതിയ കേപ് വെർഡെ സമനിലയ്ക്കായി ഗോൾമുഖം വിറപ്പിച്ചു. ഉറുഗ്വായ് പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് ലഭിച്ച അവസരം മുതലെടുത്ത് ഹെലിയോ വരേല പന്ത് വലയിലാക്കി. യുറഗ്വായ് ഗോൾകീപ്പർക്ക് അവസരം നൽകുന്നതിന് മുൻപേ വരേല തൊടുത്ത ഷോട്ട് കേപ് വെർഡെയ്ക്ക് നിർണായക സമനില സമ്മാനിച്ചു. മത്സരം 2-2 എന്ന സ്കോറിൽ അവസാനിച്ചു. അവസാന മിനിറ്റുകളിൽ ഉറുഗ്വായ് ആക്രമണങ്ങൾ കടുപ്പിച്ചെങ്കിലും, ഓഫ്സൈഡുകളും കേപ് വെർഡെയുടെ പ്രതിരോധ മതിലും ഗോൾ നേടുന്നതിൽ നിന്ന് അവരെ തടഞ്ഞു. കൗണ്ടർ അറ്റാക്കുകളിലൂടെ കേപ് വെർഡെയും വിജയത്തിനായി പൊരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button