രാത്രി പതുങ്ങിയെത്തി ഫ്യൂസ് ഊരി നാടിനെ ഇരുട്ടിലാക്കും; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആ അജ്ഞാതന്‍ ആര്
കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരില്‍ കെഎസ്ഇബി ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരി നാടിനെ ഇരുട്ടിലാക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വൈദ്യുതി മുടക്കത്തില്‍ ജനം വലയുന്ന സാഹചര്യത്തിലാണ് ഫ്യൂസ് ഊരി ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമം. കുറ്റവാളിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. കെഎസ്ഇബി ഏഴിക്കര സെക്ഷന്‍ അധികൃതരുടെ പരാതിയില്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരാളെത്തി ഫ്യൂസ് ഊരുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. കൈതാരം നോര്‍ത്തിലെ ട്രാന്‍സ്‌ഫോര്‍മറില്‍നിന്നാണ് രാത്രി ഫ്യൂസ് ഊരിയത്. പറവൂര്‍ സെക്ഷന് കീഴിലെ പെരുമ്പടന്ന എട്ടിയോടത്തെയും ഏഴിക്കര സെക്ഷന് കീഴിലുള്ള ചാക്കാത്തറ, ആവൂട്ടി ഭാഗങ്ങളിലെയും ട്രാന്‍സ്‌ഫോര്‍മറുകളിലെ ഫ്യൂസും സമാനദിവസങ്ങളില്‍ ഉൗരിയിരുന്നു. സംഭവത്തില്‍ രാഷ്ട്രീയ ആരോപണങ്ങളും ശക്തമായിട്ടുണ്ട്. ഫ്യൂസ് ഊരി വൈദ്യുതി മുടക്കുന്നത് സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍, ഫ്യൂസ് ഊരിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പ്രതി സ്വന്തം പാര്‍ട്ടിക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ രക്ഷിക്കാനുള്ള നീക്കം നടക്കുകയാണെന്നും സിപിഎം ആരോപിക്കുന്നു.





