സൂപ്പർ ലീഗ് കേരള; ഷൂട്ടൗട്ടിൽ കണ്ണൂരിനെ വീഴ്ത്തി തിരുവനന്തപുരം കൊമ്പൻസ്
തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്സിനെ തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്സി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരിനെ ഷൂട്ടൗട്ടിലാണ് (3-0) വീഴ്ത്തിയത്. നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയിൽ പിരിയുകയായിരുന്നു. തിരുവനന്തപുരത്തിനായി യുവതാരം മുഹമ്മദ് നിഷാമും കണ്ണൂരിനായി ഫെഡറിക് ബോച്ച്വെയും ഗോൾ നേടി. ഷൂട്ടൗട്ടിൽ കണ്ണൂരിന്റെ എസിയർ ഗോമസ്, ഏണസ്റ്റൻ ലവ്സാംബ, ആൽവാരോ ആൽവാരസ് എന്നിവർ എടുത്ത കിക്കുകൾ പിഴച്ചപ്പോൾ തിരുവനന്തപുരം ആദ്യ മൂന്ന് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. പതിനൊന്നാം മിനിറ്റിൽ കണ്ണൂരിന്റെ മികച്ച മുന്നേറ്റത്തിലൂടെയാണ് മത്സരം ഉണർന്നത്. വലതു ടച്ച് ലൈനിനരികിൽ നിന്ന് നിജോ ഗിൽബെർട്ട് തൊടുത്ത ഫ്രീകിക്ക് തിരുവനന്തപുരം പ്രതിരോധത്തിൽ ആശങ്ക പടർത്തി. അപകടകരമായ പന്ത് ഗോൾമുഖത്തേക്ക് താഴ്ന്നിറങ്ങിയെങ്കിലും കൃത്യമായ ഫിനിഷിങ്ങിലൂടെ അവസരം മുതലെടുക്കാൻ കണ്ണൂർ താരങ്ങൾക്കായില്ല. 31-ാം മിനിറ്റിൽ സെർബിയൻ താരം സ്റ്റെമൻകോവിച്ചിലൂടെ സന്ദർശകർ ലീഡ് നേടുന്നതിന്റെ വക്കിലെത്തി. പ്രതിരോധത്തിലെ വിടവ് മുതലെടുത്ത് ഗോൾമുഖത്തേക്ക് നീങ്ങിയ താരത്തിന്റെ ശ്രമം പക്ഷേ, കൃത്യമായ സമയത്ത് മുന്നോട്ടുകയറി തിരുവനന്തപുരം ഗോൾ കീപ്പർ സത്യജിത് തടഞ്ഞു. 42-ാം മിനിറ്റിൽ തിരുവനന്തപുരത്തിന്റെ ആക്രമണം ലക്ഷ്യം കണ്ടു. മധ്യനിരയിൽ നിന്ന് അർജുൻ നൽകിയ പ്രതിരോധനിരയെ കീറിമുറിച്ച പാസ് കൃത്യമായി വായിച്ചെടുത്ത മുഹമ്മദ് നിഷാം, നെഞ്ചിൽ പന്ത് നിയന്ത്രിച്ച് പ്രതിരോധ താരങ്ങൾക്ക് അവസരമൊന്നും നൽകാതെ പുറംകാലുകൊണ്ട് വലയിലേക്ക് തിരിച്ചുവിട്ടു. കൃത്യമായ പാസും മികവുറ്റ ഫിനിഷിങ്ങും ചേർന്ന ഗോളിലൂടെ ആതിഥേയർക്ക് ലീഡ് (1-0). രണ്ടാം പകുതിയുടെ തുടക്കത്തിൽ പാട്രിക് മോട്ടയുടെ കോർണറിൽ നിന്ന് വന്ന പന്ത് തിരുവനന്തപുരം ക്യാപ്റ്റൻ ഷിനു പോസ്റ്റിലേക്ക് തിരിച്ചു വിട്ടെങ്കിലും പ്രതിരോധത്തിൽ തട്ടി വിഫലമായി. പിന്നാലെ ആദിൽ, ഷിജിൻ എന്നിവർ തിരുവനന്തപുരം നിരയിലേക്ക് പകരക്കാരായി എത്തി. ഗൗതം, ഫെഡറിക് ബോച്ച്വെ എന്നിവർക്ക് കണ്ണൂരും അവസരം നൽകി.80-ാം മിനിറ്റിൽ കണ്ണൂരിന്റെ സമനില ഗോൾ വന്നു. നിജോ ഗിൽബെർട്ട് നൽകിയ ക്രോസ് ഘാനക്കാരൻ ഫെഡറിക് ബോച്ച്വെ ഗോളാക്കി മാറ്റി (1-1). അവസാന നിമിഷം ആർക്കും ഗോൾ നേടാനാവാതെവന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. രണ്ട് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ കാലിക്കറ്റ് എഫ് സി (5), ഫോഴ്സ കൊച്ചി എഫ് സി (5), കണ്ണൂർ വാരിയേഴ്സ് എഫ് സി (4), തിരുവനന്തപുരം കൊമ്പൻസ് എഫ് സി (2), മലപ്പുറം എഫ് സി (1), തൃശൂർ മാജിക് എഫ് സി (1) എന്നിങ്ങനെയാണ് പോയന്റ് നില. ഒക്ടോബർ 9 വെള്ളിയാഴ്ച മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാകും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ് സി, ഫോഴ്സ കൊച്ചി എഫ് സിയെ നേരിടും.





