വഴി ചോദിക്കാൻ വണ്ടി നിർത്തി, കുട്ടികൾക്ക് മിഠായി നൽകി; തട്ടിക്കൊണ്ടു പോവുന്നവരാണെന്ന് പറഞ്ഞ് ആൾക്കൂട്ടം മർദിച്ചു, രക്ഷപ്പെടുത്തിയത് പോലീസ്
ഭുവനേശ്വർ: ആൾക്കൂട്ട മർദനം സംബന്ധിച്ച് നിരവധി വാർത്തകളാണ് ദിനം പ്രതിവരുന്നത്. പലപ്പോഴും ആൾക്കൂട്ട മർദനങ്ങൾക്ക് ഇരയാവുന്നത് നിരപരാധികളാണ്. സമാന സ്വഭാവത്തിലുള്ള വാർത്തയാണ് ഒഡിഷയിൽ നിന്ന് വരുന്നത്. തെറ്റിദ്ധരിച്ച് ആൾക്കൂട്ടം മർദിച്ച യുവാവിനും യുവതിക്കും രക്ഷയായത് കൃത്യസമയത്ത് എത്തിയ പൊലീസാണ്. എൻജിഒയുടെ സന്നദ്ധ പ്രവർത്തകരാണെന്ന് പറഞ്ഞതൊന്നും ആൾക്കൂട്ടത്തിന് മുന്നിൽ വിലപ്പോയില്ല. ജൂൺ 16 രാത്രി കല്യാൺ സിങ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഡൽഹി സ്വദേശിയായ യുവതിയും സഹപ്രവർത്തകനായ യുവാവും തങ്ങളുടെ പ്രൊജക്റ്റ് നടക്കുന്ന സ്ഥലത്തേക്ക് ഇരു ചക്ര വാഹനത്തിൽ പോവുമ്പോഴാണ് സംഭവം. ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര. വഴി തെറ്റിയോ എന്ന് സംശയം തോന്നിയ ഇരുവരും വാഹനം നിർത്തി റോഡരികിൽ കണ്ട കുട്ടികളോട് വഴി ചോദിച്ചു. പ്രദേശത്തെ ഉത്സവത്തിൽ പങ്കെടുക്കുകയായിരുന്നു. കുട്ടികളോട് സംസാരിച്ച ഇരുവരും സന്തോഷത്തിന് അവരുടെ കയ്യിലുണ്ടായിരുന്ന മിഠായി കുഞ്ഞുങ്ങൾക്ക് നൽകി. ഇതോടു കൂടി ഇവർ കുട്ടികളെ തട്ടിക്കൊണ്ടു പോവാൻ വന്നവരാണെന്ന കഥ പരക്കുകയായിരുന്നു. ഇങ്ങനൊരു സന്ദേശം പരന്നതോടെ അയൽ ഗ്രാമങ്ങളിൽ നിന്ന് വരെ ആളുകൾ അവിടേക്ക് എത്തുകയായിരുന്നു. ആൾക്കൂട്ടത്തെ കണ്ട് അപകടം മനസ്സിലായ ഇരുവരും തങ്ങളുടെ ഐഡന്റിറ്റി കാർഡ് ജനക്കൂട്ടത്തെ കാണിച്ചുവെങ്കിലും ആൾക്കൂട്ടം മർദനം ആരംഭിച്ചിരുന്നു. ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ വാഹനം വീഴുകയും ചെയ്തു. ഇതോടെ മർദനം രൂക്ഷമായി. സംഭവം അറിഞ്ഞ് എത്തിയ പൊലീസ് ഇടപെട്ടാണ് ഇവർ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ആളുകൾ പകർത്തിയ വീഡിയോകളും പരിശോധിച്ച് വരികയാണ്. ആക്രമത്തിൽ പങ്കെടുത്ത എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് എസ്പി രാജ് പ്രസാദ് വ്യക്തമാക്കി.





