കെ.ബി. ഗണേഷ് കുമാറിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കി

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കി. പകരം ബി.ആർ.കെ. ബാബുവിനെ ഉൾപ്പെടുത്തി. ഒമ്പതംഗ ഡയറക്ടർ ബോർഡിൽനിന്നാണ് ഗണേഷിനെ ഒഴിവാക്കിയത്.ബോർഡിൽ ഗണേഷിന്റെ കാലാവധി അവസാനിച്ചിരുന്നു. മറ്റ് എട്ടുപേരുടെ അംഗത്വവും പുതുക്കി നൽകി. സുകുമാരൻ നായരെ വീണ്ടും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. ട്രഷററായി എൻ.വി. അയ്യപ്പൻപിള്ളയെയും തെരഞ്ഞെടുത്തു. ‘പത്മ കഫെ’ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയനിൽ വലിയ വിവാദത്തിന് കാരണമായിരുന്നു. പത്മ കഫെ നിർമാണത്തിനായി നാല് കോടി രൂപ ചെലവഴിച്ചതിൽ അഴിമതി ആരോപണം ഉയർന്നതാണ് വിവാദമായത്.പത്തനാപുരം താലൂക്ക് യൂനിയന്‍റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷിന്‍റെ അംഗത്വം പുതുക്കാത്തിനു പിന്നിലെന്നാണ് വിവരം. അഴിമതിയാരോപണങ്ങളിൽ പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 11 പേർ ഒരുമിച്ച് രാജിവെച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും രാജിവെച്ചതോടെ പത്തനാപുരം താലൂക്ക് യൂനിയൻ എൻ.എസ്.എസ് സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേഷ്‌കുമാർ പത്തനാപുരത്ത് പരാജയപ്പെടാൻ കാരണം പത്മ കഫെ വിവാദമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കൂടാതെ, സുകുമാരൻ നായരുമായി ഗണേഷിന് അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു. അതേസമയം, സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും മരിക്കുംവരെ പദവിയിൽ തുടരാൻ ആഗ്രഹമില്ലെന്നും ഗാണേഷ് ഇതുമയി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു. അംഗത്വം പുതുക്കാത്തതിൽ പ്രശ്നമില്ല. അംഗത്വം പുതുക്കാൻ ആവശ്യപ്പെട്ടില്ല. സ്ഥാനത്തിനുവേണ്ടിയല്ല എൻ.എസ്.എസിൽ വന്നത്. ജനറൽ സെക്രട്ടറിയെ പിന്തുണക്കുന്ന ആളാണ്. താൻ ജനത്തിനൊപ്പം ഉണ്ട്, എൻ.എസ്.എസിനൊപ്പമുണ്ട്. പത്തനാപുരത്ത് എൻ.എസ്.എസിൽ നടന്നത് ശരിയല്ല. അക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എൻ.എസ്.എസിനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ ജനറൽ സെക്രട്ടറിക്ക് അധികാരമുണ്ടെന്നും ഗണേഷ് പറഞ്ഞു. എന്നാൽ, കാലാവധി തീർന്നതിനാലാണ് ഗണേഷിനെ വീണ്ടും ഡയറക്ടർ ബോർഡിലേക്ക് എടുക്കാത്തതെന്നു സുകുമാരൻ നായർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button