രാത്രി ഒന്നും കഴിച്ചില്ലെങ്കിലും രാവിലെ ഷുഗർ കൂടുന്നുണ്ടോ? കാരണമിതാണ്, പരിഹാരവും!
രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതിരുന്നിട്ടും രാവിലെ ഷുഗർ ലെവൽ നിരന്തരം ഉയർന്നിരിക്കുന്നതിൽ ടെൻഷനിലാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ‘ഡോൺ ഫിനോമിനൻ’ (Dawn Phenomenon) എന്ന അവസ്ഥയായിരിക്കാം. അതിരാവിലെ ചില ഹോർമോണുകളുടെ സ്വാഭാവിക വർധനവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ജീവിതശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി ഈ അവസ്ഥയെ ഫലപ്രദമായി എങ്ങനെ നിയന്ത്രിക്കാമെന്ന് നോക്കാം.എന്താണ് ‘ഡോൺ ഫിനോമിനൻ’?ഈ അവസ്ഥയെക്കുറിച്ച് പ്രമേഹബാധിതരായ പലർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. സാധാരണയായി പുലർച്ചെ 2 മണിക്കും രാവിലെ 8 മണിക്കും ഇടയിലാണ് ഈ അവസ്ഥ ഉണ്ടാകുക. കോർട്ടിസോൾ, ഗ്രോത്ത് എന്നീ ഹോർമോണുകളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഈ ഹോർമോണുകൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുക വഴി കരളിൽ സംഭരിച്ചുവച്ച ഗ്ലൂക്കോസ് പുറത്തുവിടാൻ കാരണമാകുന്നു. ഈ അധിക ഗ്ലൂക്കോസിനെ നിയന്ത്രിക്കാൻ ഇൻസുലിന് സാധിക്കാതെ വരുന്നതോടെയാണ് നിങ്ങൾ രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതിരുന്നിട്ടും ഷുഗർ ലെവൽ ഉയർന്നു തന്നെ കാണപ്പെടുന്നത്.എങ്ങനെ തിരിച്ചറിയാം?തലേദിവസം രാത്രി കൃത്യമായ ഡയറ്റ് പാലിച്ചിട്ടും രാവിലെ ഉണരുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഉയർന്നതായി കാണപ്പെടുന്നുണ്ടെങ്കിൽ.പുലർച്ചെ 3 മണിക്ക് ഷുഗർ പരിശോധിക്കുമ്പോൾ സാധാരണ നിലയിലോ കുറഞ്ഞോ കാണപ്പെടുകയും, രാവിലെ ഉണരുമ്പോൾ അത് കുത്തനെ ഉയരുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക് ‘ഡോൺ ഫിനോമിനൻ’ എന്ന അവസ്ഥയായിരിക്കാം.കുറയ്ക്കാൻ ഇതാ ചില ടിപ്പുകൾനിങ്ങളുടെ ജീവിതശൈലിയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ ഈ അവസ്ഥയെ നിങ്ങൾക്ക് എളുപ്പത്തിൽ മറികടക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.അത്താഴ സമയം: നിർബന്ധമായും രാത്രി 7 മണിക്ക് മുമ്പായി അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക.വെള്ളം കുടിക്കുക: രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുക. ചായയോ കാപ്പിയോ കുടിക്കുന്നതിന് മുമ്പ് ചൂടുവെള്ളം നന്നായി കുടിക്കുക.പ്രഭാതഭക്ഷണത്തിലെ പ്രോട്ടീൻ: ഉണർന്ന് 30 മിനിറ്റിനുള്ളിൽ കഴിക്കുന്ന പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.രാവിലെയുള്ള നടത്തം: രാവിലെ ചെറിയൊരു നടത്തം ശീലമാക്കുക. ഉണർന്ന ശേഷം 10 മിനിറ്റ് നടക്കുന്നത് ഗുണം ചെയ്യും.പ്രഭാതഭക്ഷണം ഒഴിവാക്കരുത്: പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ഒഴിവാക്കുന്നത് കോർട്ടിസോളിന്റെ അളവ് വീണ്ടും കൂട്ടാൻ കാരണമാകും.ഒരുപാട് മരുന്നുകൾ കഴിച്ചത് കൊണ്ട് മാത്രം നിങ്ങൾക്ക് ഷുഗർ നിയന്ത്രിക്കാൻ സാധിക്കില്ല. മറിച്ച് ശരീരത്തെക്കൂടി മനസ്സിലാക്കി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് മാത്രമേ ഈ അവസ്ഥയെ മറികടക്കാൻ സാധിക്കുകയുള്ളൂ. ഹോർമോണുകൾ, കരളിന്റെ പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഈ അവസ്ഥയ്ക്ക് കാരണമായേക്കാം.





