ഖത്തർ മുതൽ അമേരിക്ക വരെ; മാറാത്ത ചോദ്യങ്ങളും വിമർശനങ്ങളുടെ കൂരമ്പുകളും, റൊണാൾഡോക്ക് ഒന്നും പുത്തരിയല്ല

ഹൂസ്റ്റൺ : നാല് വർഷം മുമ്പ് ഖത്തറിലെ സ്റ്റേഡിയങ്ങളിൽ ഉയർന്ന അതേ ചോദ്യങ്ങൾ ഇന്നും അമേരിക്കൻ മണ്ണിലും ആവർത്തിക്കപ്പെടുന്നു, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയും തുടരണോ? 2022-ലെ ഖത്തർ ലോകകപ്പിൽ തുടങ്ങിയ ആ വലിയ സംവാദം, 2026-ൽ അമേരിക്കയിൽ എത്തുമ്പോൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. പ്രായം 41-ൽ എത്തിനിൽക്കുമ്പോഴും പോർച്ചുഗലിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം നിലനിർത്തുന്ന റൊണാൾഡോ, ഓരോ മത്സരത്തിന് ശേഷവും വിമർശകരുടെ കണ്ണിലെ കരടാവുകയാണ്. 2022-ലെ ഖത്തർ ലോകകപ്പ് റൊണാൾഡോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ അഗ്നിപരീക്ഷയായിരുന്നു. 37-ാം വയസ്സിൽ കളത്തിലിറങ്ങിയ റൊണാൾഡോയ്ക്ക് ഖത്തറിൽ പഴയ വേഗതയോ താളമോ കണ്ടെത്താനായില്ല. സ്വിറ്റ്‌സർലൻഡിനും മൊറോക്കോയ്ക്കുമെതിരായ നിർണ്ണായക നോക്കൗട്ട് മത്സരങ്ങളിൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് താരത്തെ ബെഞ്ചിലിരുത്തിയപ്പോൾ ലോകം ഒന്നടങ്കം ഞെട്ടി. അന്ന് അതൊരു വലിയ വിപ്ലവമായാണ് ഫുട്ബോൾ ലോകം കണ്ടത്. ഒരു സൂപ്പർ താരത്തിന് ടീമിനേക്കാൾ വലിയ സ്ഥാനം നൽകേണ്ടതില്ല എന്ന വലിയ തിരിച്ചറിവായിരുന്നു ഖത്തറിലേത്. ഖത്തറിന് ശേഷം പോർച്ചുഗൽ കോച്ചായി റോബർട്ടോ മാർട്ടിനസ് എത്തിയപ്പോൾ, റൊണാൾഡോയുടെ കരിയറിൽ ഒരു പുതുവസന്തം ഉണ്ടാകുമെന്ന് ആരാധകർ കരുതി. സൗദി അറേബ്യയിലെ അൽ നസറിലേക്ക് ചേക്കേറിയ റൊണാൾഡോ അവിടെ ഗോളുകൾ വാരിക്കൂട്ടിയതോടെ, ടീമിലെ സ്ഥാനം സുരക്ഷിതമായി. എന്നാൽ, 2026 ലോകകപ്പിൽ എത്തിയപ്പോൾ ഖത്തറിലെ അതേ പ്രശ്നങ്ങൾ തന്നെയാണ് വീണ്ടും വില്ലനായി വരുന്നത്. ഡി.ആർ. കോംഗോയ്‌ക്കെതിരായ മത്സരത്തിൽ വെറും 29 തവണ മാത്രം പന്തിൽ തൊടുകയും ഗോൾമുഖത്ത് ഒന്നുപോലും ലക്ഷ്യം കാണാതിരിക്കുകയും ചെയ്തതോടെ റൊണാൾഡോയ്ക്ക് എതിരെയുള്ള വിമർശനങ്ങൾക്ക് വീര്യം കൂടി. ഖത്തറിൽ സാന്റോസ് മടിച്ചുനിന്ന സ്ഥാനത്ത്, അമേരിക്കയിൽ മാർട്ടിനസ് കടുത്ത നിലപാടിലാണ്. ലോകത്തെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനെ ടീമിൽ നിന്ന് മാറ്റുന്നതിൽ അർത്ഥമില്ല എന്നാണ് മാർട്ടിനസിന്റെ വാദം. എന്നാൽ, തിയറി ഹെന്റിയെപ്പോലുള്ള മുൻ താരങ്ങൾ റൊണാൾഡോ ടീമിന് ഭാരമാണെന്ന് പരസ്യമായി തുറന്നടിക്കുന്നു. 41-ാം വയസ്സിൽ ഒരു താരം കളത്തിലിറങ്ങേണ്ടത് ഗോൾകീപ്പറായി മാത്രമാണെന്ന പോൾ സ്‌കോൾസിന്റെ പരിഹാസം റൊണാൾഡോയുടെ പ്രതാപകാലത്തിന്മേൽ വീണ കരിനിഴലായി മാറി. ഖത്തറിലെ നിരാശയിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ടോ? ഉസ്ബെക്കിസ്ഥാനെതിരായ വരാനിരിക്കുന്ന പോരാട്ടം റൊണാൾഡോയുടെ കരിയറിലെ തന്നെ ഏറ്റവും നിർണ്ണായകമായ ഒന്നായിരിക്കും. ഖത്തറിൽ ബെഞ്ചിലിരുന്ന് കരഞ്ഞ റൊണാൾഡോയാകുമോ അമേരിക്കയിൽ ഗോൾ നേടി വിമർശകരുടെ വായടപ്പിക്കുമോ? ഉത്തരം ഹൂസ്റ്റൺ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് അറിയാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button