അഭിഷേകിന് അർദ്ധ സെഞ്ചുറി , അഫ്ഗാനെതിരായ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ മാച്ചിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അഫ്ഗാൻ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 13.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 32 പന്തിൽ 82 റൺസെടുത്ത അഭിഷേക് ശർമയാണ് വിജയശിൽപ്പി. ഇഷാൻ കിഷൻ (33 പന്തിൽ 42) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാൻ 44 പന്തിൽ പുറത്താവാതെ 64 റൺസെടുത്ത അസ്മതുള്ള ഒമർസായിയുടേയും മുഹമ്മദ് നബി(33)യുടേയും ബാറ്റിങ് കരുത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്.അർഷ്ദീപ് സിംഗ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസൺ നിരാശപ്പെടുത്തി. അഭിഷേകിനൊപ്പം ഓപ്പണിങ് റോളിൽ ഇറങ്ങിയ സഞ്ജു പത്ത് റൺസെടുത്ത് പുറത്തായി. മൂന്നാം ഓവറിൽ അസ്മതുള്ള ഒമർസായിയുടെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച സഞ്ജു പുറത്താവുകയായിരുന്നു. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന അഭിഷേക് – കിഷൻ സഖ്യം 53 പന്തിൽ 121 റൺസ് അടിച്ചെടുത്തു. ഇതുതന്നെയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. അഭിഷേക് 11-ാം ഓവറിൽ പുറത്തായെങ്കിലും ശ്രേയസും(8) തിലക് വർമയും(3) ചേർന്ന് വിജയത്തിലേക്ക് നയിച്ചു.





