2005-ന് മുൻപുള്ള 10, 20, 50, 100 രൂപ നോട്ടുകൾ പിൻവലിക്കുമോ? ബാങ്ക് പറയുന്നത് ഇങ്ങനെ…
മുംബൈ: ജൂൺ 30-ന് ശേഷം 10, 20, 50, 100 രൂപ നോട്ടുകൾ നിരോധിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ബാങ്ക് ഓഫ് മഹാരാഷ്ട്ര. 2026 ജൂൺ 30-ന് ശേഷം വിപണിയിലുള്ള 10, 20, 50, 100 രൂപ നോട്ടുകൾ പിൻവലിക്കാൻ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉത്തരവിട്ടെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യം വീണ്ടുമൊരു നിശബ്ദ നോട്ട് നിരോധനത്തിലേക്ക് പോവുകയാണെന്ന തരത്തിൽ പൊതുജനങ്ങൾക്കിടയിൽ വൻ ആശങ്ക പടർന്ന സാഹചര്യത്തിലാണ് ബാങ്ക് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ബാങ്ക് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.”2005-ന് മുൻപുള്ള 10, 20, 50, 100 രൂപ നോട്ടുകൾ 2026 ജൂൺ 30-ന് ശേഷം ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖകളിൽ സ്വീകരിക്കില്ലെന്ന തരത്തിൽ ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. ഈ വിവരം തികച്ചും തെറ്റാണെന്ന് ബാങ്ക് വ്യക്തമാക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കുക,” എന്ന് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം നോട്ടുകൾ ഇപ്പോഴും നിയമപരമായ ഇടപാടുകൾക്ക് സാധുതയുള്ളതാണെന്നും ബാങ്ക് കൂട്ടിച്ചേർത്തു.എന്തായിരുന്നു സോഷ്യൽമീഡിയയിൽ പ്രചരിച്ചത്?ജൂലൈ 1 മുതൽ പ്രാദേശിക ബാങ്ക് ശാഖകൾ പഴയ മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകൾ സ്വീകരിക്കില്ലെന്ന് അവകാശപ്പെടുന്ന വ്യാജ പോസ്റ്ററുകളാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. എന്നാൽ ബാങ്കിന്റെ വിശദീകരണം ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു. പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തള്ളിക്കളഞ്ഞുകൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അത്തരമൊരു നിർദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും ബാങ്ക് സ്ഥിരീകരിച്ചു.എന്താണ് റിസര്‍വ് ബാങ്ക് പറഞ്ഞത്2015-ൽ ആർബിഐ പുറപ്പെടുവിച്ച ഒരു വാർത്താക്കുറിപ്പ് പ്രകാരം, 2005-ന് മുൻപുള്ള മഹാത്മാഗാന്ധി സീരീസ് നോട്ടുകളുടെ വിപണിയിലെ വിനിമയം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ആവശ്യമെങ്കിൽ പൊതുജനങ്ങൾക്ക് ഇവ ബാങ്കുകൾ വഴി മാറ്റിയെടുക്കാമെന്നും അറിയിച്ചിരുന്നു. കള്ളനോട്ടുകൾ തടയുന്നതിനും വിപണിയിലെ സുരക്ഷ ശക്തമാക്കുന്നതിനുമായി പുതിയ നോട്ടുകളിൽ അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആർബിഐ അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പഴയ നോട്ടുകൾ അസാധുവാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വഴിതെറ്റിക്കുന്നതാണെന്നും കേന്ദ്ര ബാങ്ക് ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നും ബാങ്ക് ഓഫ് മഹാരാഷ്ട്രയും വ്യക്തമാക്കി.





