ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന് ദാരുണാന്ത്യം

മുംബൈ: മഴക്കാലത്ത് വെള്ളക്കെട്ടുകളിലും തോട്ടുകളിലും പാറമടകളിലും ചാടി കുളിക്കുന്നത് പതിവാക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പായി മാറുകയാണ് മഹാരാഷ്‌ട്രയില്‍ നിന്നുള്ള ഒരു ദുരന്തം. ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.മഹാരാഷ്‌ട്രയിലെ സിന്ദുദുര്‍ഗ് ജില്ലയിലാണ് സംഭവം. ഷേര്‍നിഖ് മിലിന്ത് ടക്കാലെ (25) എന്ന യുവാവാണ് അപകടത്തില്‍ മരിച്ചത്. ജൂണ്‍ 20-ന് സുഹൃത്തുക്കള്‍ക്കൊപ്പം റിസോര്‍ട്ടില്‍ വിനോദയാത്രയ്‌ക്കെത്തിയപ്പോഴായിരുന്നു ദാരുണം. ഒമ്പതംഗ സംഘമാണ് റിസോര്‍ട്ടിലെത്തിയത്. അവിടെയുള്ള നീന്തല്‍ക്കുളം കണ്ടതോടെ ചിലര്‍ കുളത്തിലിറങ്ങാന്‍ തീരുമാനിച്ചു.

കുട്ടികള്‍ക്ക് മാത്രമായി അനുവദിച്ചിരുന്ന, വെറും നാലോ അഞ്ചോ അടി മാത്രം ആഴമുള്ള കുളത്തിലേക്കാണ് സംഘം ഇറങ്ങിയത്. ഇതിനിടെ തൊട്ടടുത്തുള്ള ഉയരമുള്ള ഭാഗത്തേക്ക് കയറിയ ഷേര്‍നിഖ് ഡൈവ് ചെയ്ത് കുളത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ ആഴം കുറഞ്ഞ വെള്ളത്തില്‍ ശക്തമായി പതിച്ചതോടെ തല കുളത്തിന്റെ അടിത്തട്ടില്‍ ഇടിക്കുകയായിരുന്നു. ആദ്യം അപകടത്തിന്റെ ഗൗരവം സുഹൃത്തുക്കള്‍ക്ക് മനസ്സിലായിരുന്നില്ല. പിന്നീട് വെള്ളത്തില്‍ നിന്ന് ചലനമില്ലാതെ പൊങ്ങിവന്ന യുവാവിനെ കണ്ടതോടെയാണ് എല്ലാവരും പരിഭ്രാന്തരായത്.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലയോട്ടിയില്‍ ഉണ്ടായ ഗുരുതര പരിക്കിനെ തുടര്‍ന്ന് ഷേര്‍നിഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button