തിരക്കില്ല, ഹോണടിയില്ല, കൊച്ചു സ്വർഗം; ഭൂട്ടാൻ, മേഘങ്ങൾക്ക് മുകളിലെ രാജ്യത്തിന്റെ വിശേഷങ്ങൾ..
.
മേഘങ്ങൾക്ക് മുകളിൽ ഒരു രാജ്യമുണ്ടെങ്കിൽ അതിന് ഭൂട്ടാൻ എന്നാകും പേര്. ലോകം മുഴുവൻ ജി.ഡി.പിയുടെ പിന്നാലെ ഓടുമ്പോൾ, ഒരു രാജ്യം മാത്രം ‘ജി.എൻ.എച്ച്’ Gross National Happiness, അതായത് മൊത്ത ദേശീയ സന്തോഷം അളക്കുന്നു. ഹിമാലയത്തിന്റെ മടിത്തട്ടിൽ ഒളിച്ചിരിക്കുന്ന ആ കൊച്ചു രാജ്യമാണ് ഭൂട്ടാൻ. തലസ്ഥാനം തിമ്പു, ഇടിമുഴക്കത്തിന്റെ നാട്. വിമാനം പാറോയിലെ കൊച്ചു റൺവേയിലേക്ക് ഇറങ്ങുമ്പോൾ മനസ്സിലാകും എയർപോർട്ടിലല്ല, ഒരു ചിത്രത്തിലേക്കാണ് ഇറങ്ങിയതെന്ന്. ലോകത്തെ അപകടകരമായ എയർപോർട്ടുകളിൽ ഒന്നാണിത്. വളരെ കുറച്ചു പൈലറ്റുമാർക്ക് മാത്രമേ ഇവിടേക്ക് പരിശീലനം ലഭിച്ചിട്ടുള്ളൂ. ചുറ്റും ഭീമാകാരങ്ങളായ പർവതങ്ങൾ കാവൽ നിൽക്കുന്നത് കൊണ്ടാവാം അത്.ഉയരം പറയുംഭൂട്ടാനിൽ കാലാവസ്ഥ തീരുമാനിക്കുന്നത് കലണ്ടറല്ല, ഉയരമാണ്. ഓരോ 1000 മീറ്റർ കയറുമ്പോഴും അഞ്ചുഡിഗ്രി തണുപ്പ് കൂടും. നീലാകാശവും നീല മലകളും കൊണ്ട് സമ്പന്നമായ നാട്. ലോകത്ത് ഏറ്റവും കൂടുതൽ കാടുകളുള്ള, കാർബൺ നെഗറ്റിവ് രാജ്യം എന്ന ഖ്യാതി ഭൂട്ടാന് സ്വന്തം. ‘ടാക്കിൻ’ ആണ് ദേശീയ മൃഗം. ആടിന്റെ മുഖവും പശുവിന്റെ ആകൃതിയുമുള്ള ജീവി. ഇവരുടെ ദേശീയ പക്ഷി ‘റെയ് വെൻ’ കാക്കയുടെ വലിയ രൂപം. ഭൂട്ടാന്റെ ദേശീയ ദൈവത്തിന്റെ തലയിൽ ഈ കാക്കയുടെ രൂപമുണ്ട്. രാജാവിന്റെ കിരീടത്തിലും കാണാം ഈ രൂപം. അതുകൊണ്ട് ഇതിനെ അവർ പവിത്രമായി കാണുന്നു. ജൂൺ-ആഗസ്റ്റ് മാസക്കാലം മഴയുടെ സംഗീതകാലമാണ് ഇവിടെ. വയലുകൾ മരതകപ്പച്ചയാകും, മലകൾ കോടമഞ്ഞിൽ പൊതിയും. ഉച്ചകഴിഞ്ഞ് ചെറു മഴ പെയ്യുമെങ്കിലും രാവിലത്തെ യാത്രകൾ മനോഹരം. റോഡിൽ തിരക്കില്ല, ഹോണടി ഇല്ല, അനാവശ്യമായി ഹോൺ അടിക്കുന്നത് നിരോധിച്ചിരിക്കുന്നു. ബഹളവും ദേഷ്യവും ഒഴിവാക്കുകയും ക്ഷമയോടെ ഇരിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ നിയമം. തിമ്പുവിൽ ട്രാഫിക് ലൈറ്റ് ഇല്ല. പകരം പൊലീസുകാർ കൈകൊണ്ട് ട്രാഫിക് നിയന്ത്രിക്കും. ആവശ്യമില്ലാതെ ഹോൺ അടിച്ചാൽ പിഴയും കിട്ടും. എങ്ങും സമാധാനം ശബ്ദമലിനീകരണമില്ലാത്ത, സമാധാനത്തിന്റെ അന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന റോഡുകൾ. വാഹനങ്ങളുടെ ഓവർടേക്ക് പോലും തീരെയില്ല. വിശാലമായ കാടിനുള്ളിലൂടെ കാനന സംഗീതവും കാട്ടാറുകളുടെ ഒഴുക്കും നദികളും കണ്ട് മനോഹര യാത്ര. സൈപ്രസ് മരങ്ങളാൽ ചുറ്റപ്പെട്ട വൻ കാടുകൾകൂടി ചേരുമ്പോൾ ഭൂട്ടാനെന്ന കൊച്ചുരാജ്യമായി.ചെങ്കുത്തായ മലഞ്ചരിവിലൂടെ, കോടമഞ്ഞു വകഞ്ഞുമാറ്റിയുള്ള ബസ് യാത്ര ഏറെ സാഹസികവും നെഞ്ചിടിപ്പ് കൂട്ടുന്നതുമായിരുന്നു. സെപ്റ്റംബർ മുതൽ ഫോട്ടോഗ്രാഫർമാരുടെ സ്വർഗമാണിവിടം. മഴകഴിഞ്ഞ് ആകാശം കഴുകിവെച്ചതുപോലെ തെളിയും. എന്ന് പോകാം?ഭൂട്ടാനിൽ പോകാൻ ഏറ്റവും നല്ലത് മാർച്ച്-മേയ്, സെപ്റ്റംബർ-നവംബർ മാസങ്ങളാണ്. പാറയിൽ തൂങ്ങിക്കിടക്കുന്ന ‘ടൈഗേർസ് നെസ്റ്റ്’ മൊണാസ്ട്രി യാണ് ഇവിടത്തെ പ്രധാന ഐക്കൺ. നാലുമണിക്കൂർ മലകയറിവേണം അവിടെയെത്താൻ. ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കുന്ന വാങ്ചു നദിയിൽ നടത്തിയ റാഫ്റ്റിങ്ങും മറക്കാനാവാത്ത അനുഭവംതന്നെ. പുനാഖ സോങ്, രണ്ട് നദികൾ ചേരുന്നിടത്ത് പണിത വെള്ള കൊട്ടാരം. ദോചുല പാസിലെ 108 ചോർട്ടനുകൾ എല്ലാം കൂടിയാവുമ്പോൾ ഒരു ഹിമാലയൻ പനോരമ തന്നെ. ഭൂട്ടാനിൽ ആരും നിങ്ങളോട് എത്ര ശമ്പളം എന്ന് ചോദിക്കില്ല. പകരം ചോദിക്കും, ‘നിങ്ങൾ സന്തോഷവാനാണോ?’ എന്ന്. ആ ചോദ്യത്തിനുത്തരം തേടിയുള്ള യാത്രയാണ് ഭൂട്ടാൻ. മനുഷ്യപ്പറ്റുള്ള കുറെ മനുഷ്യരെ നമുക്കവിടെ കാണാം.ആർക്കും തിരക്കില്ല വേഗത കുറഞ്ഞ രാജ്യം എന്ന പേരുകൂടിയുണ്ട് ഭൂട്ടാന്. ഇവിടെ ആരും ഒന്നിനും തിരക്കുകൂട്ടുന്നില്ല എന്നതുതന്നെയാണ് ആ പേരുവരാൻ കാരണം.ബുദ്ധമതമാണ് ഇവിടത്തുകാരുടെ ജീവവായു. വേറെയൊരു മതവും കാര്യമായില്ല. ബുദ്ധമതം സ്റ്റേറ്റ് റിലീജ്യനായ ഒരേയൊരു രാജ്യമാണ് ഭൂട്ടാൻ. ഓരോ പ്രധാന സ്ഥലത്തും പ്രാർഥനാ കൊടികൾ. ഇവ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നാണ് ഇവരുടെ വിശ്വാസം. എല്ലാ സ്ഥലങ്ങളിലും കാറ്റുകൊണ്ട് കറങ്ങുന്ന പ്രയർ വീലുകളും ഉണ്ട്. എല്ലാം വിശ്വാസത്തിന്റെ ഭാഗംതന്നെ. വസ്ത്ര-ഭക്ഷണ വിശേഷങ്ങൾഭൂട്ടാനികളുടെ വസ്ത്രധാരണം കൗതുകമാണ്. ലോകത്ത് ദേശീയവസ്ത്രം നിർബന്ധമാക്കിയ രാജ്യമാണ് ഭൂട്ടാൻ. സ്കൂളിലും ഓഫിസിലും ക്ഷേത്രത്തിലും ഇത് ധരിച്ചേ പറ്റൂ. പുരുഷന്മാരുടെ വസ്ത്രം ‘ഘോ’ എന്നറിയപ്പെടുന്നു. സ്ത്രീകളുടേത് ‘കീര’. അതൊരു കലാസൃഷ്ടി തന്നെയാണ്. ഒരുവശം കീറിയപോലെയാണ് ഇതിന്റെ രൂപം. കൂടാതെ കൈയിറക്കമുള്ള ഒരു കുപ്പായവും. വർണങ്ങൾകൊണ്ട് മനോഹരമാണ് അവ.പ്രധാന ഭക്ഷണം അരിതന്നെയാണ്. പിന്നെ ചീസും മുളകും പ്രണയിക്കുന്ന എമദാത്ഷിയാണ് ഭൂട്ടാന്റെ മറ്റൊരു ഇഷ്ട ഭക്ഷണം. എമ (മുളക്), ദാത്ഷി (ചീസ്). യാക്കിന്റെ ചീസ് ഇവിടെ സുലഭമാണ്. ചെറുകടകളിൽപോലും മുല്ലപ്പൂ മാലപോലെ തൂക്കിയിട്ട ചീസ് കാണാം. അരിയും ആപ്പിളുമാണ് പ്രധാന കൃഷി. കൂടാതെ ചോളവും മുളകും സമൃദ്ധമായി കൃഷി ചെയ്യുന്നു. കൗതുകങ്ങളുടെ നാട്സെച്ചു ഉത്സവങ്ങളാണ് ഇവരുടെ ആഘോഷം. ഇവരുടെ സംസ്കാരം അനുസരിച്ച് മുഖംമൂടി അണിഞ്ഞ് ആളുകൾ നൃത്തം ചെയ്യും. പെൺകുട്ടികൾ ശരീരം മറച്ച് ലളിതമായ ചുവടുകൾ വെക്കുന്നു. അമ്പെയ്ത്താണ് ഇവരുടെ ദേശീയ കായിക വിനോദം. ഇവരുടെ വീട് നിർമാണത്തിലുമുണ്ട് കൗതുകം. മരംകൊണ്ടുള്ള ജനാലക്കും മേൽക്കൂരക്കും എല്ലാം ഒരേ ഡിസൈനാണ് ഇവർ നൽകുക. കൊത്തുപണികൾ നിറഞ്ഞ നിർമിതികൾ. ചുവന്ന മേൽക്കൂരകളെല്ലാം ഗവൺമെന്റ് സ്ഥാപനങ്ങളെ സൂചിപ്പിക്കുന്നു. രാജഭരണമായതിനാൽ ഉത്തരവുകൾ യഥാവിധി പാലിച്ചുകൊണ്ടാണ് ഇവിടത്തെ ജീവിതം. മാലിന്യം എവിടെയും കാണാൻ കഴിയില്ല. ആകെ എട്ടു ലക്ഷത്തോളമാണ് ഭൂട്ടാന്റെ ജനസംഖ്യ. ഒരു ക്ലീൻ രാജ്യത്തുകൂടി സഞ്ചരിക്കണമെങ്കിൽ ഭൂട്ടാനിലേക്ക് പോകാം.ഇങ്ങനെയൊക്കെയാണെങ്കിലും മദ്യം ഇവിടെ സുലഭമാണ്. ചെറിയ കടകളിൽവരെ മദ്യം കാണാം.നുഗ്ട്രം ആണ് ഭൂട്ടാൻ കറൻസി. ഇന്ത്യൻ രൂപയുടെ അതേ മൂല്യമാണ്. ഭൂട്ടാനികൾ ബഹുമാനം ജീവിതചര്യയാക്കിവരാണ്. കുട്ടികൾ പോലും ബഹുമാനം കാത്തുസൂക്ഷിക്കുന്നു. അതിഥികളെ ദൈവമായി കാണുന്നവരാണ് ഇവിടത്തുകാർ. യാത്രകഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങലായിരുന്നു.





