ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്ട്രോക്ക് സാധ്യത കുറയ്ക്കാമെന്ന് പഠനം
ഇന്ന് ലോകത്ത് മരണത്തിനും ഗുരുതര വൈകല്യങ്ങൾക്കും പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രോക്ക്. എന്നാൽ, ഇത് ഒഴിവാക്കാൻ മരുന്ന് മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിലെ ചില കാര്യങ്ങൾക്കും വലിയ പങ്കുണ്ടാകാമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അടുത്തിടെ പുറത്തുവന്ന മൂന്ന് പഠനങ്ങളാണ് സ്ട്രോക്ക് സാധ്യത കുറയ്ക്കാൻ സഹായിക്കാവുന്ന പുതിയ വഴികളെക്കുറിച്ച് ആരോഗ്യലോകത്തിന്റെ ശ്രദ്ധ നേടിയത്.പഠനങ്ങൾ പ്രകാരം മെഡിറ്ററേനിയൻ ഭക്ഷണരീതി, ഷിങിൾസ് വാക്സിൻ, അസുണ്ടെക്സിയൻ (Asundexian) എന്ന പുതിയ മരുന്ന് എന്നിവ സ്ട്രോക്കിനെ പ്രതിരോധിക്കുന്നതിൽ ഗുണകരമാകാമെന്നാണ് കണ്ടെത്തൽ. സ്ത്രീകളിൽ നടത്തിയ ഒരു പഠനത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഒലീവ് ഓയിൽ, മത്സ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നവരിൽ ഇസ്കീമിക് സ്ട്രോക്കും ഹെമറാജിക് സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഈ ഭക്ഷണരീതി സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. മറ്റൊരു പഠനത്തിൽ ഷിങിൾസ് വാക്സിൻ സ്വീകരിച്ചവരിൽ സ്ട്രോക്കും മറ്റ് ഗുരുതര ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ളവരിലും ഹൃദ്രോഗമുള്ളവരിലും ഈ വാക്സിൻ കൂടുതൽ ഗുണം ചെയ്യാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതേസമയം, നേരത്തെ സ്ട്രോക്ക് അല്ലെങ്കിൽ ട്രാൻസിയന്റ് ഇസ്കീമിക് അറ്റാക്ക് (TIA) ഉണ്ടായവരിൽ വീണ്ടും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ അസുണ്ടെക്സിയൻ എന്ന മരുന്ന് സഹായിക്കുമെന്ന കണ്ടെത്തലും പുറത്തുവന്നിട്ടുണ്ട്. രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്ന രീതിയിലാണ് ഈ മരുന്ന് പ്രവർത്തിക്കുന്നത്. ഗവേഷണ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെങ്കിലും, ഇവയിൽ ചിലത് കൂടുതൽ പഠനങ്ങളിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. എന്നിരുന്നാലും ആരോഗ്യകരമായ ഭക്ഷണരീതി, ആവശ്യമായ വാക്സിനേഷൻ, ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചികിത്സ എന്നിവ സ്ട്രോക്കിന്റെ സാധ്യത കുറയ്ക്കാൻ പ്രധാന പങ്കുവഹിക്കുമെന്ന് അവർ ഓർമിപ്പിക്കുന്നു.





