പ്രിയദര്‍ശിനി പദ്ധതി ; ചില കണ്ടക്ടര്‍മാരുടെ മോശം പെരുമാറ്റം ദുരിതമാകുന്നു

കേരളത്തില്‍ പുതുതായി നടപ്പിലാക്കിയ കെഎസ്ആർടിസി ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാ പദ്ധതി ഒരു വശത്ത് വലിയ ആശ്വാസമാകുമ്പോഴും, മറുവശത്ത് ചില കണ്ടക്ടർമാരുടെ മോശം പെരുമാറ്റം യാത്രക്കാർക്ക് ദുരിതമാകുന്നതായി പുതിയ റിപ്പോർട്ടുകള്‍. മുൻകാലങ്ങളില്‍ സ്വകാര്യ ബസ്സുകള്‍ വിദ്യാർത്ഥിനികളെ കയറ്റാതെ പോകുന്ന സാഹചര്യങ്ങളില്‍ കൃത്യസമയത്ത് ക്ലാസുകളില്‍ എത്താൻ കഴിയാതെയും, നേരം ഇരുട്ടുംമുൻപ് വീടണയാൻ സാധിക്കാതെയും പെണ്‍കുട്ടികള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. സർക്കാർ കൊണ്ടുവന്ന പുതിയ പദ്ധതി ഈ ദുരവസ്ഥയ്ക്ക് പരിഹാരമായെങ്കിലും, ബസ്സിനുള്ളില്‍ ചില ജീവനക്കാരില്‍ നിന്ന് നേരിടേണ്ടി വരുന്ന മോശം സമീപനം വിദ്യാർത്ഥിനികളെ മാനസികമായി വിഷമിപ്പിക്കുന്നുണ്ട്. സൗജന്യ യാത്രയാണെങ്കിലും കൃത്യമായ കണക്കെടുപ്പിനായി കെഎസ്ആർടിസിയില്‍ ‘സീറോ വാല്യൂ’ ടിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനാല്‍ ബസ്സില്‍ യാത്രക്കാർ കയറുമ്പോള്‍ ഓരോരുത്തർക്കും ടിക്കറ്റ് നല്‍കേണ്ടി വരുന്നത് കണ്ടക്ടർമാരുടെ ജോലിഭാരം ഗണ്യമായി വർദ്ധിപ്പിച്ചിരിക്കുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലുമുള്ള തിരക്കേറിയ സമയങ്ങളില്‍ വിദ്യാർത്ഥിനികള്‍ കൂട്ടത്തോടെ ബസ്സില്‍ കയറുമ്പോള്‍, ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട സമ്മർദ്ദം കാരണം ചില കണ്ടക്ടർമാർ ഇവരോട് അത്യന്തം മോശമായ രീതിയില്‍ പെരുമാറുന്നു എന്നാണ് ഉയരുന്ന പ്രധാന പരാതി. മലബാർ മേഖലയിലെ വിവിധ ഡിപ്പോകള്‍ക്ക് കീഴിലുള്ള സർവീസുകളിലാണ് ഇത്തരത്തിലുള്ള പരാതികള്‍ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിദ്യാർത്ഥിനികള്‍ക്ക് പുറമെ, സ്ഥിരം യാത്രക്കാരായ വനിതാ ഉദ്യോഗസ്ഥരും സമാനമായ അനുഭവങ്ങളാണ് പങ്കുവെയ്ക്കുന്നത്. പ്രിയദർശിനി പദ്ധതി ആരംഭിക്കുന്നതിന് മുൻപ് ഇതേ കെഎസ്ആർടിസി ബസ്സുകളില്‍ കൃത്യമായി പണം നല്‍കി യാത്ര ചെയ്തിരുന്നവരാണ് തങ്ങളെന്നും, എന്നാല്‍ സൗജന്യ പദ്ധതി വന്നതിനുശേഷം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമീപനത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. സൗജന്യമായി യാത്ര ചെയ്യുന്നു എന്ന ഭാവത്തോടെയുള്ള ചില കണ്ടക്ടർമാരുടെ കുറ്റപ്പെടുത്തലുകളും തരംതാഴ്ത്തിയുള്ള സംസാരവും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് വനിതാ യാത്രക്കാർ പറയുന്നു. പദ്ധതി സ്ത്രീ ശാക്തീകരണത്തിന് വലിയ പിന്തുണ നല്‍കുമ്പോഴും, ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനങ്ങള്‍ പരിഹരിക്കാൻ ഗതാഗത വകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന യാത്രക്കാരുടെ ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button