നടൻ ദുൽഖർ സൽമാനെ നാല് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്; രേഖകൾ ഹാജരാക്കാൻ നിർദേശം; ഭൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച വാഹനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഏകദേശം നാല് മണിക്കൂർ നീണ്ടു. കഴിഞ്ഞ ദിവസമാണ് ദുൽഖർ ഹാജരായി മൊഴി നൽകിയത്.അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ദുൽഖറിന്റെ നാല് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിന് പുറമെ, ഭൂട്ടാനിൽ നിന്ന് കൊണ്ടുവന്നതായി സംശയിക്കുന്ന നാല് വാഹനങ്ങൾ കൂടി അന്വേഷണ പരിധിയിലുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന വിവരം.ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് ദുൽഖറിനോട് നിർദേശിച്ചിട്ടുണ്ട്. രേഖകൾ വിശദമായി പരിശോധിച്ച ശേഷമാകും ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യുക.ചോദ്യം ചെയ്യലിനിടെ, നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തിയ വാഹനങ്ങളാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ദുൽഖർ മൊഴി നൽകിയതെന്ന് വിവരമുണ്ട്. വാഹനക്കടത്ത് റാക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നും, തന്റെ കൈവശമുള്ള എല്ലാ വാഹനങ്ങൾക്കും ആവശ്യമായ രേഖകൾ ഉണ്ടെന്നും അദ്ദേഹം കസ്റ്റംസിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ ഇന്ത്യയിലെത്തിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ വ്യക്തികളെയും വാഹന ഇടപാടുകളെയും കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button