തുടർച്ചയായ മൂന്നാം ലോകകപ്പിലും സെമിയിൽ; അപൂർവ്വ നേട്ടത്തിൽദെഷാംപ്‌സും ഫ്രാൻസും

ബോസ്റ്റൺ: ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സെമിയിലേക്ക് മുന്നേറിയ ഫ്രാൻസും പരിശീലകൻ ദിദിയർ ദെഷാംപ്‌സും സ്വന്തമാക്കിയത് അപൂർവ്വ നേട്ടം. തുടർച്ചയായി മൂന്ന് ലോകകപ്പിലാണ് ഫ്രഞ്ച് പട അവസാന നാലിലേക്ക് മുന്നേറുന്നത്. 2018,22 ലോകകപ്പിന് പിന്നാലെയാണ് മുൻ ഫ്രാൻസ് നായകൻ കൂടിയായ ദെഷാംപ്‌സിന് കീഴിൽ ടീം സെമിയിലേക്ക് മുന്നേറിയത്. നേരത്തെ 1966,70,74 ലോകകപ്പുകളിൽ ജർമനിയെ സെമിയിലേക്കെത്തിച്ച ഹെർമട്ട് ഷോണിന് മാത്രമാണ് ഈ നേട്ടമുള്ളത്. ലോകകപ്പിൽ തുടർച്ചയായി മൂന്ന് തവണ സെമിയിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാണ് ഫ്രാൻസ്. നേരത്തെ ജർമനിയും ബ്രസീലും മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. 1966,70,74 ലോകകപ്പിൽ ജർമനി അവസാന നാലിലെത്തിയപ്പോൾ, 1970,74,78 ലോകകപ്പിലാണ് കാനറിപടയുടെ നേട്ടം. 1994,98,2002 വിശ്വമേളയിലും ബ്രസീൽ സെമി ബെർത്ത് ഉറപ്പിച്ചിരുന്നു. ആഫ്രിക്കൻ കരുത്തരായ മൊറോക്കോക്കെതിരെ രണ്ടാം പകുതിയിൽ നേടിയ ഗോളിന്റെ കരുത്തിലാണ് മുൻ ചാമ്പ്യൻമാർ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ എന്നിവരാണ് ഗോളുകൾ സ്‌കോർ ചെയ്തത്. 26-ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ എംബാപ്പെയ്ക്ക് സാധിച്ചില്ല. മൊറോക്കോയുടെ ഗോൾകീപ്പർ യാസിൻ ബൗനുവിന്റെ തകർപ്പൻ സേവ് ഫ്രാൻസിന്റെ ലീഡ് നേടാനുള്ള മോഹങ്ങൾക്ക് തടയിട്ടു. എന്നാൽ രണ്ടാം പകുതിയിൽ എംബാപ്പെ തന്നെ പെനാൽറ്റി നഷ്ടത്തിന് പ്രായശ്ചിത്വം ചെയ്തു.60ാം മിനിറ്റിലാണ് മികച്ചൊരു ഷോട്ടിലൂടെ എംബാപ്പെ ആദ്യ ഗോൾ നേടിയത്. ഇതോടെ ലോകകപ്പിലെ ടോപ്പ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് റേസിലും റയൽമാഡ്രിഡ് താരം മുന്നിലെത്തി. നിലവിൽ എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി ഒന്നാമതാണ് എംബാപ്പെ. എട്ട് ഗോളുമായി അർജന്റൈൻ നായകൻ ലയണൽ മെസ്സിയും തൊട്ടുപിന്നിലുണ്ട്. ലോകകപ്പിലെ ആകെ ഗോൾ നേട്ടം 20 ആക്കി ഉയർത്താനും ഫ്രഞ്ച് നായകനായി. 1966ന് ശേഷം രണ്ട് വ്യത്യസ്ത ലോകകപ്പുകളിൽ എട്ടോ അതിൽ അധികമോ ഗോളുകൾ നേടുന്ന ആദ്യ താരമായും എംബാപ്പെ മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button