ട്രെയിൻ യാത്രകളിൽ വീട്ടിൽ നിന്നുണ്ടാക്കിയ ഭക്ഷണം കരുതാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വൻ പിഴ

ഡൽഹി: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം ഭക്ഷണവും ബുക്ക് ചെയ്ത് കഴിക്കുന്നവരുണ്ട്. ചിലരാകട്ടെ വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കൂടെ കരുതാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇങ്ങനെ വീട്ടിൽ നിന്നുണ്ടാക്കുന്ന ഭക്ഷണം കൊണ്ടുപോകുന്നത് ചിലപ്പോഴൊക്കെ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അത് ഒടുവിൽ പിഴ ഒടുക്കേണ്ട സാഹചര്യത്തിൽ വരെ എത്തിച്ചേക്കാം. അതുകൊണ്ട് തന്നെ നിങ്ങളുടെ ട്രെയിൻ യാത്രകളിൽ ഈ തെറ്റുകൾ വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം യാത്രാച്ചെലവ് വര്‍ധിക്കുകയും അത് നിങ്ങളുടെ സന്തോഷം കെടുത്തുകയും ചെയ്യും. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശുചിത്വം പാലിക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയ്ക്കും അത്യാവശ്യമാണ്. റെയിൽവേ പരിസരത്ത് മാലിന്യം തള്ളുന്ന തെറ്റായ രീതി തടയാൻ അധികൃതര്‍ കർശന നിരീക്ഷണം നടത്തിവരികയാണ്. ഇതിന്‍റെ ഭാഗമായി നിരന്തരമായ നടപടികളാണ് റെയിൽവേ സ്വീകരിച്ചുപോരുന്നത്. ഈയടുത്ത് ഈസ്റ്റേൺ റെയിൽവേയുടെ വിവിധ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ, ഒരൊറ്റ ദിവസം കൊണ്ട് 1,447 കേസുകൾ കണ്ടെത്തുകയും പിഴയായി 2,89,400 രൂപ ഈടാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.ഹൗറ ഡിവിഷനിൽ 457 കേസുകൾ രജിസ്റ്റർ ചെയ്തു. 91,400 രൂപയാണ് പിഴയിനത്തിൽ ചുമത്തിയത്. അസൻസോൾ ഡിവിഷനിൽ 217 കേസുകളിൽ നിന്നായി ആകെ 43,400 രൂപ പിഴയും ഈടാക്കി. മാൾഡ ഡിവിഷനിൽ 158 കേസുകളിൽ നിന്നായി 31,600 രൂപയും സീൽഡ ഡിവിഷനിൽ 615 കേസുകളിൽ നിന്നായി 1,23,000 രൂപ പിഴയും ഈടാക്കി. പ്രാഥമികാവബോധം വളര്‍ത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ പിഴകൾ ഈടാക്കുന്നത് . റെയിൽവേ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുക മാത്രമല്ല, ശിക്ഷാർഹമായ കുറ്റവുമാണ്.ഈയിടെ റെയിൽവേ നടത്തിയ പരിശോധനക്കിടയിലാണ് വീട്ടിൽ നിന്ന് പാകം ചെയ്ത ഭക്ഷണവുമായി ഒരു കുടുംബം ട്രെയിനിൽ യാത്ര ചെയ്തത് ശ്രദ്ധയിൽ പെട്ടത്. അവർ യാത്രയ്ക്കിടയിൽ ഭക്ഷണം കഴിച്ചെങ്കിലും, ബാക്കിവന്ന ആഹാരസാധനങ്ങളും അവശിഷ്ടങ്ങളും തങ്ങളുടെ സീറ്റിന് തൊട്ടടുത്തുതന്നെ ഉപേക്ഷിച്ചു. തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ റെയിൽവേ ഉദ്യോഗസ്ഥർ ഇവർക്ക് പിഴ ചുമത്തുകയാണുണ്ടായത്.വീട്ടിൽ പാകം ചെയ്ത ഭക്ഷണം കൊണ്ടുവന്നതിന് യാത്രക്കാർക്ക് പിഴ ചുമത്തില്ല, മറിച്ച് ഭക്ഷണം കഴിച്ചതിനുശേഷം എല്ലാ മാലിന്യങ്ങളും ട്രെയിനിൽ ഉപേക്ഷിച്ചതിനാണ് പിഴ ചുമത്തുന്നത്. ഏതെങ്കിലും യാത്രക്കാരൻ ട്രെയിനിലോ റെയിൽവേ പരിസരത്തോ മാലിന്യം തള്ളുന്നത് കണ്ടെത്തിയാൽ അവർക്ക് പിഴ ചുമത്താം. ആവശ്യമെങ്കിൽ നടപടിയെടുക്കാനും കഴിയും.റെയിൽവേ ചട്ടങ്ങൾ അനുസരിച്ച്, ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നത് നിയമലംഘനമാണ്. ഭക്ഷണം കഴിച്ചതിനുശേഷം മാലിന്യം തള്ളുന്നത് കണ്ടെത്തിയാൽ പിഴ ചുമത്താം. അതുപോലെ, പ്ലാറ്റ്‌ഫോമുകളിലോ ട്രെയിനുകൾക്കുള്ളിലോ തുപ്പുന്നതും പിഴയ്ക്ക് കാരണമാകും. ട്രെയിനുകളിലോ റെയിൽവേ സ്റ്റേഷനുകളിലോ പുകവലിക്കുന്നതും നടപടിയെടുക്കാൻ കാരണമാകും. എന്താണ് ചെയ്യേണ്ടത്? ട്രെയിനിൽ ഭക്ഷണം കഴിച്ചതിനുശേഷം, പ്ലേറ്റുകൾ, കുപ്പികൾ അല്ലെങ്കിൽ മറ്റ് മാലിന്യങ്ങൾ ട്രെയിനിൽ വലിച്ചെറിയരുത്. ഇതിനായി ഡസ്റ്റ്ബിൻ ഉപയോഗിക്കുക. അടുത്ത സ്റ്റേഷൻ എത്തുമ്പോൾ, മാലിന്യം സ്റ്റേഷനിലെ ചവറ്റുകുട്ടയിൽ ഇടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പിഴ ഒഴിവാക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button