ട്രെയിനിലെ എസി കോച്ചുകളില്‍ 4 വര്‍ഷത്തിനിടെ 104 കോടിയുടെ മോഷണം; കാണാതായത് ബെഡ്ഷീറ്റും പുതപ്പും തലയിണകളും l

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന ബെഡ്‌റോളുകൾ (കിടക്കവിരികൾ, പുതപ്പ്, ടവൽ തുടങ്ങിയവ) വ്യാപകമായി മോഷ്ടിക്കപ്പെടുന്നതായി വിവരാവകാശ രേഖകൾ. കഴിഞ്ഞ നാല് വർഷത്തിനിടെ (2022 ജനുവരി മുതൽ 2026 മേയ് വരെ) 1.27 കോടി സാധനങ്ങളാണ് ഇത്തരത്തിൽ ട്രെയിനുകളിൽനിന്ന് നഷ്ടപ്പെട്ടത്. ഓരോ ആയിരം എസി യാത്രക്കാരിലും ഒരാൾ വീതം റെയിൽവേയുടെ സാധനങ്ങളുമായിട്ടാണ് മടങ്ങുന്നതെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു.

കോവിഡിന് ശേഷം ട്രെയിനുകളിൽ ബെഡ്‌റോൾ സേവനം പുനരാരംഭിച്ച 2022 ജനുവരി മുതലുള്ള കണക്കുകളാണിത്. 2022 മുതൽ 2025 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ മോഷണത്തിൽ 56 ശതമാനത്തിന്റെ വലിയ വർധനവാണുള്ളത്. റെയിൽവേയുടെ 69 ഡിവിഷനുകളിൽ 54 ഇടത്തുനിന്നും ലഭിച്ച വിവരാവകാശ മറുപടികളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

മോഷണം പോയവയിൽ ഏറ്റവും മുന്നിൽ മുഖം തുടക്കാൻ നൽകുന്ന ഫെയ്‌സ് ടവലുകളാണ് (46.54 ലക്ഷം). എളുപ്പത്തിൽ ബാഗിലാക്കാം എന്നതാണ് ഇതിന് കാരണം. ഇതിനു പിന്നാലെ ബെഡ്ഷീറ്റുകൾ (41.13 ലക്ഷം), തലയണ കവറുകൾ (23.59 ലക്ഷം), പുതപ്പുകൾ (12.95 ലക്ഷം), തലയണകൾ (2.76 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button