യുഎസിലേക്ക് അർജന്റീന എത്തിച്ചത് 500 കിലോ ബീഫ്; കളിക്കാർക്ക് മാനേജ്മെന്റ് ‘ഹോം ഫീൽ’ നല്‍കുന്നത് ഇങ്ങനെ…
ഡാലസ്: കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലയണൽ മെസ്സിയും സംഘവും അമേരിക്കയിൽ പന്തുതട്ടുന്നത്. ആ പോരാട്ടം ഇപ്പോള്‍ ഫൈനല്‍ വരെ എത്തിനില്‍ക്കുന്നു. കളിക്കളത്തിലെ മെസ്സിയുടെ ചടുലമായ നീക്കങ്ങള്‍ അർജന്റീനയെ മുന്നോട്ട് നയിക്കുമ്പോള്‍ കളിക്കളത്തിന് പുറത്ത് ടീം മാനേജ്മെന്റ് ഒരുക്കുന്ന സൗകര്യങ്ങളും ശ്രദ്ധേയമാകുകയാണ്. താരങ്ങള്‍ക്ക് സ്വന്തം നാട്ടിലെ അന്തരീക്ഷവും ഭക്ഷണവും ഉറപ്പാക്കാൻ അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ കാൻസസ് സിറ്റിയിലുള്ള തങ്ങളുടെ ബേസ് ക്യാമ്പിലേക്ക് എത്തിച്ചിരിക്കുന്നത് അങ്ങ് അർജന്റീനയിൽ നിന്നുള്ള 500 കിലോയിലധികം വരുന്ന മികച്ചയിനം ബീഫാണ്! അർജന്റീനക്കാരുടെ പ്രിയപ്പെട്ട കനലിൽ ചുട്ടെടുത്ത ഇറച്ചി വിഭവമായ ‘അസാഡോ’ തയ്യാറാക്കാനാണ് ഈ വമ്പൻ ഇറക്കുമതി. കളിക്കാർക്ക് വീട്ടിലെന്ന പോലുള്ളയുള്ള മാനസികാവസ്ഥ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയിലെ കർശനമായ കസ്റ്റംസ്, ആരോഗ്യ പരിശോധനകൾ മറികടന്ന് ഈ സ്പെഷ്യൽ കാർഗോ കാൻസസ് സിറ്റിയിൽ എത്തിക്കാൻ മാസങ്ങൾ നീണ്ട ആസൂത്രണം വേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോമോ, വാസിയോ, എൻട്രാന, മാറ്റാംബ്രെ, പെസെറ്റോ, അസാഡോ ഡി ടിര തുടങ്ങിയ തനത് ഇറച്ചി വിഭവങ്ങളാണ് അർജന്റീന ടീം നാട്ടിൽനിന്നെത്തിച്ചിരിക്കുന്നത്.തുടർച്ചയായ മത്സരങ്ങളുടെയും യാത്രകളുടെയും സമ്മർദ്ദത്തിനിടയിൽ കളിക്കാരുടെ ശാരീരികക്ഷമതയും ഊർജ്ജവും നിലനിർത്താൻ ശരിയായ ഡയറ്റ് അത്യാവശ്യമാണ്. മത്സരങ്ങൾക്ക് മുൻപും ശേഷവും കളിക്കാർ ഒത്തുകൂടി ബാർബിക്യൂ വിരുന്നുകൾ ആസ്വദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ പോരാട്ടത്തിന് തൊട്ടുമുൻപും അർജന്റീനൻ ക്യാമ്പ് സമാനമായ രീതിയിൽ ഭക്ഷണം ആസ്വദിച്ചുകഴിക്കുന്ന വീഡിയോ വൈറലായിരുന്നു. നാട്ടിലെ ഭക്ഷണം നൽകുന്നതിലൂടെ കളിക്കാരെ കൂടുതൽ സന്തോഷവാന്മാരാക്കാന്‍ സാധിക്കുമെന്നാണ് അർജന്റീനൻ സപ്പോർട്ട് സ്റ്റാഫ് വ്യക്തമാക്കുന്നത്. അർജന്റീന മാത്രമല്ല, ലോകകപ്പിനായി യുഎസിൽ എത്തിയിരിക്കുന്ന നോർവേ ടീമും തങ്ങളുടെ കളിക്കാരുടെ നാടൻ ഭക്ഷണശീലങ്ങൾ നിലനിർത്താൻ ഇത്തരമൊരു വഴി സ്വീകരിച്ചിട്ടുണ്ട്. നോർവേയും തങ്ങളുടെ കളിക്കാർക്കായി സ്വന്തം നാട്ടിൽ നിന്നും പ്രിയപ്പെട്ട നിരവധി ഭക്ഷ്യവസ്തുക്കൾ യുഎസിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരുന്ന ഞായറാഴ്ചയാണ് ലോകകപ്പ് ഫൈനല്‍.





