പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

കൊച്ചി: പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. എളമക്കര സ്വദേശി മറിയം പൈലി (71)ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.ഇക്കഴിഞ്ഞ 13-നാണ് അപകടമുണ്ടായത്.  ഒറ്റയ്‌ക്കായിരുന്നു മറിയം പൈലി താമസിച്ചിരുന്നത്. രാത്രി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മെഴുകുതിരി കൊളുത്താൻ ശ്രമിക്കുന്നതിനിടെ അത് മറിഞ്ഞ് ശരീരത്തിലേക്ക് വീഴുകയായിരുന്നു. വസ്ത്രത്തിൽ തീപടർന്നതോടെ ഗുരുതരമായി പൊള്ളലേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ശരീരത്തിന്റെ 40 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റിരുന്നു.വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്. കഴിഞ്ഞ ദിവസം പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം. കൃഷ്ണൻ (71) മരിച്ചിരുന്നു.ശ്വാസകോശ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന കൃഷ്ണനെ കഴിഞ്ഞ ആഴ്ചയാണ് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാത്രി വൈദ്യുതി മുടങ്ങിയതോടെ കോൺസെൻട്രേറ്റർ പ്രവർത്തനരഹിതമായി. ഇതിന് പിന്നാലെയാണ് ആരോഗ്യനില വഷളായി മരണം സംഭവിച്ചത്.തുടർച്ചയായ വൈദ്യുതി മുടക്കം സാധാരണ ജനങ്ങളുടെ ജീവിതത്തെയും വൈദ്യുതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്ന രോഗികളെയും ഗുരുതര പ്രതിസന്ധിയിലാക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button