കൈവിട്ടു ജീവൻ… ഭാര്യ സുമതിയെ കൺമുന്നിൽ ഉരുൾ കൊണ്ടുപോയി; സങ്കടക്കടലിൽ രവി

കുടയത്തൂർ (ഇടുക്കി): ആ കൈയിൽ അൽപം കൂടി മുറുകെപ്പിടിക്കാനായിരുന്നെങ്കിൽ സുമതിയെ ജീവിതത്തിലേക്ക് വലിച്ചുകയറ്റാൻ കഴിഞ്ഞേനെ എന്ന സങ്കടക്കടലിലാണ് കുടയത്തൂർ അടൂർമലയിലെ ഉരുൾപ്പൊട്ടലിൽനിന്ന് രക്ഷപ്പെട്ട രവി. ഭാര്യ സുമതിയെ (65) കൺമുന്നിൽ ഉരുൾ കൊണ്ടുപോകുന്നത് നോക്കി നിൽക്കാനേ രവിക്ക് കഴിഞ്ഞുള്ളൂ. രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതിയെ ദുരന്തത്തിൽനിന്ന് രക്ഷിക്കാനായില്ല. വീടും പൂർണമായി തകർന്നു. ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. വീടിന് 30 മീറ്ററോളം മുകളിലെ മലഞ്ചെരുവിൽനിന്നാരംഭിച്ച ഉരുൾ കുത്തിയൊലിച്ചെത്തി വീട് തകർത്തശേഷം നൂറ് മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. അതിശക്തമായ ശബ്ദം കേട്ട് ഉണർന്ന രവി മണ്ണിടിച്ചിലാണെന്നാണ് കരുതിയത്. ഭാര്യ സുമതിയെയും മകൻ രതീഷിനെയും വിളിച്ചുണർത്തി ഓടിരക്ഷപ്പെടാനായിരുന്നു ശ്രമം. ഭാര്യയുടെ കൈപിടിച്ച് വീടിന് പുറത്തേക്ക് വരെ എത്തിയതാണ്. എന്നാൽ, പെട്ടെന്ന് ആ കൈ വിട്ടുപോയത് രവി അറിഞ്ഞു. മലമുകളിൽനിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളവും മണ്ണും സുമതിയെ തന്നിൽനിന്ന് വലിച്ചെടുത്ത് കൊണ്ടുപോയതായി രവി സങ്കടത്തോടെ പറഞ്ഞു. ബന്ധുക്കളെയും നാട്ടുകാരെയും സഹായത്തിന് വിളിച്ച് അവരുമായി തിരിച്ചെത്തുമ്പോഴേക്കും വീടും പരിസരവും മണ്ണിനടിയിലായിരുന്നു. മണ്ണിൽ കുടുങ്ങിയ രതീഷിനെ നാട്ടുകാർ പരിക്കുകളോടെയാണ് പുറത്തെടുത്തത്. എന്നാൽ സുമതിയെ കണ്ടെത്താനായില്ല. പുലർച്ചെ എൻ.ഡി.ആർ.എഫ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വീടിന് ഏകദേശം 50 മീറ്റർ താഴെയായി സുമതിയുടെ മൃതദേഹം കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button