അവഗണിച്ചാല്‍ പണികിട്ടും! ‘നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല’ എന്നതിന്റെ ലക്ഷണങ്ങള്‍

പലരും നിർജ്ജലീകരണത്തിന്റെ (Dehydration) ലക്ഷണങ്ങള്‍ തിരിച്ചറിയാതെയാണ് ദിനചര്യകള്‍ തുടരുന്നത്. ദഹനപ്രക്രിയ, രക്തചംക്രമണം, സന്ധികളുടെ പ്രവർത്തനം എന്നിവയ്ക്ക് വെള്ളം എത്രത്തോളം അത്യാവശ്യമാണെന്ന് നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു.
ദാഹം അനുഭവപ്പെടുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നത് പലപ്പോഴും വൈകിപ്പോകും. ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിഞ്ഞിരിക്കണം.

ശരീരത്തിലെ ജലാംശം പരിശോധിക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് മൂത്രത്തിന്റെ നിറം. മൂത്രം ഇളം മഞ്ഞയോ തെളിഞ്ഞതോ ആയിരിക്കണം. വെള്ളം കുറയുമ്പോള്‍ വൃക്കകള്‍ ജലാംശം പിടിച്ചുനിർത്താൻ ശ്രമിക്കുന്നത് കാരണം മൂത്രത്തിന് കടും നിറവും രൂക്ഷഗന്ധവും അനുഭവപ്പെടും. ദിവസത്തില്‍ മൂന്നോ നാലോ തവണയില്‍ താഴെ മാത്രമേ നിങ്ങള്‍ മൂത്രമൊഴിക്കുന്നുള്ളൂ എങ്കില്‍, അത് ശരീരത്തില്‍ വെള്ളം കുറവാണെന്നതിന്റെ കൃത്യമായ സൂചനയാണ്.

ശരീരഭാരത്തിന്റെ 1 മുതല്‍ 3 ശതമാനം വരെ വെള്ളം കുറഞ്ഞാല്‍ പോലും അത് നിങ്ങളുടെ ബുദ്ധിശക്തിയെ ബാധിക്കും. രക്തചംക്രമണം കുറയുന്നതോടെ തലച്ചോറിലേക്കും പേശികളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹൃദയം കൂടുതല്‍ കഷ്ടപ്പെടുന്നു. ഇത് ഉച്ചസമയത്തെ ക്ഷീണം, ടെൻഷൻ മൂലമുള്ള തലവേദന, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്നു.
തുടർച്ചയായി വായ ഉണങ്ങിയിരിക്കുക, നാവു വരളുക, ചുണ്ടുകള്‍ പൊട്ടുക എന്നിവ ഉമിനീർ ഉല്‍പ്പാദനം കുറയുന്നതിന്റെ ലക്ഷണമാണ്. കൂടാതെ, ചർമ്മത്തിന്റെ ഇലാസ്തികത പരിശോധിക്കാൻ കൈത്തണ്ടയിലെ ചർമ്മം നുള്ളി നോക്കൂ. ഇത് പെട്ടെന്ന് സാധാരണ നിലയിലേക്ക് തിരികെ വരുന്നില്ലെങ്കില്‍ നിങ്ങളുടെ കോശങ്ങള്‍ക്ക് ജലാംശം അടിയന്തരമായി ആവശ്യമാണെന്ന് മനസ്സിലാക്കാം. പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്നതും ഇതിന്റെ ഭാഗമാകാം.

ദിവസവും ആറ് മുതല്‍ എട്ട് ഗ്ലാസ് അഥവാ 1.2 മുതല്‍ 1.5 ലിറ്റർ വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്. ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കുന്നതിന് പകരം ദിവസം മുഴുവൻ കുറേശ്ശെയായി വെള്ളം കുടിക്കുന്നതാണ് വൃക്കകളുടെ പ്രവർത്തനത്തിനും ഊർജ്ജ നിലയ്ക്കും നല്ലത്. എപ്പോഴും കൈവശം ഒരു വാട്ടർ ബോട്ടില്‍ കരുതാൻ ശ്രദ്ധിക്കുക. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യവും ഊർജ്ജസ്വലതയും നിലനിർത്താൻ സഹായിക്കും. ചെറിയ അശ്രദ്ധകള്‍ പോലും വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നോർക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button