വമ്പന്‍ ബാറ്ററി ശേഷിയുമായി ഷവോമിയുടെ പവര്‍ബാങ്ക് വിപണിയിലേക്ക്; മറ്റു പ്രത്യേകതകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതിയ പവര്‍ ബാങ്ക് അവതരിപ്പിച്ച് ഷവോമി. ‘ഷവോമി പവർ ബാങ്ക് 5i’ (Xiaomi Power Bank 5i) എന്നാണ് പേര്. 20,000 എംഎഎച്ച് ശേഷിയാണ് ബാറ്ററി. 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുകയും ചെയ്യും. പവർ ബാങ്കിനൊപ്പം ഇൻ-ബിൽറ്റ് യുഎസ്ബി ടൈപ്പ്-സി കേബിളും നൽകിയിട്ടുണ്ട്. അതിനാൽ യാത്രകളിൽ ഡിവൈസുകൾ ചാർജ് ചെയ്യാൻ പ്രത്യേകം കേബിൾ കരുതേണ്ടതില്ല. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ, ഹാൻഡ്‌ഹെൽഡ് ഗെയിമിംഗ് കൺസോളുകൾ എന്നിവ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കും. 65W ഫാസ്റ്റ് ഇൻപുട്ട് ശേഷിയുള്ളതിനാൽ പവർ ബാങ്ക് തന്നെ വളരെ വേഗത്തിൽ റീചാർജ് ചെയ്തെടുക്കാനും സാധിക്കും. ഇൻ-ബിൽറ്റ് കേബിളിന് പുറമെ ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ടും യുഎസ്ബി-എ പോർട്ടും ഇതിലുണ്ട്. ഇതുവഴി ഒരേസമയം ഒന്നിലധികം ഡിവൈസുകൾ ചാർജ് ചെയ്യാം. ബാക്കി നിൽക്കുന്ന ബാറ്ററി ലെവലും ചാർജിംഗ് സ്റ്റാറ്റസും തത്സമയം മനസ്സിലാക്കാൻ സഹായിക്കുന്ന സ്‌മാർട്ട് ഡിജിറ്റൽ ഡിസ്‌പ്ലേയും മോഡലിന് നൽകിയിട്ടുണ്ട്.20,000 എംഎഎച്ച് കപ്പാസിറ്റിയുണ്ടെങ്കിലും ഭാരക്കൂടുതല്‍ അനുഭവപ്പെടില്ലെന്നും പോക്കറ്റുകളിലോ ലാപ്ടോപ്പ് ബാഗുകളിലോ എളുപ്പത്തിൽ കൊണ്ടുനടക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. കറുപ്പ്, നീല നിറങ്ങളില്‍ മോഡല്‍ ലഭ്യമാകും. 3,299 രൂപയാണ് വില. ജൂലൈ 28 മുതൽ mi.com, Amazon.in എന്നി വഴി ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാം. സ്മാർട്ട്ഫോൺ ബാറ്ററികളുടെ ശേഷി വലിയ തോതിൽ വർദ്ധിച്ചുവരുന്നതിനിടെയിലാണ് ഈ പവര്‍ബാങ്കും വിപണിയിലേക്ക് എത്തുന്നത്. ഷവോമിയുടെ തന്നെ റെഡ്മി നോട്ട് 17 പോലുള്ള മോഡലുകളില്‍ 8,000എംഎഎച്ച് ബാറ്ററി നല്‍കുമ്പോള്‍ റെഡ്മി നോട്ട് 15 പ്രോ പോലുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ 6,500എംഎഎച്ച് ബാറ്ററിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button