കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രം വരെ അഴിപ്പിച്ചു പരിശോധിച്ചതായി യുവാവിന്റെ പരാതി
കണ്ണൂര്‍ | കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുടെ പേരില്‍ അടിവസ്ത്രം വരെ അഴിപ്പിച്ചു പരിശോധിച്ചതായി യുവാവിന്റെ പരാതി. ദുബൈയില്‍ ഐ ടി മാനേജരായ കാസര്‍കോട് സ്വദേശി ഹുസൈനാര്‍ മഹഷാദ് മുഖ്യമന്ത്രി, കസ്റ്റംസ് കമ്മീഷണര്‍, ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, നോര്‍ക്ക റൂട്സ് എന്നിവര്‍ക്ക് പരാതി നല്‍കി.
ഇക്കഴിഞ്ഞ 19ന് രാവിലെ ഫുജൈറയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ മഹഷാദിന് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് ദുരനുഭവം ഉണ്ടായത്. വനിതാ ഉദ്യോഗസ്ഥയുടെ നിര്‍ദേശപ്രകാരം വസ്ത്രങ്ങള്‍ അഴിപ്പിച്ചു പരിശോധിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ മറ്റ് ജീവനക്കാരും കസ്റ്റംസ് ഉദ്യോഗസ്ഥരും തന്നെ പരിഹസിച്ചതായും ഇത് അപമാനമായതായും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് സത്യം കണ്ടെത്തണമെന്നും യുവാവ് പരാതിയില്‍ ആവശ്യപ്പെട്ടു. പതിവ് പരിശോധനയുടെ ഭാഗമായ നടപടിയാണുണ്ടായതെന്നാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ അതിരു കടന്ന കസ്റ്റംസ് പരിശോധനയ്ക്കെതിരെ നേരത്തെയും പ്രവാസി യാത്രക്കാരില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.





